Featuredhome bannerHome-bannerKeralaNewsNewsPolitics

ഗവർണർക്കെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച്;യച്ചൂരി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ പ്രതിരോധ മാർച്ച് തുടങ്ങി. മാർച്ച് തുടങ്ങും മുൻപേ ഭൂരിപക്ഷം ജീവനക്കാരും രാജ്ഭവനിൽ ജോലിക്കെത്തി. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാർച്ച്.

മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു.  നയപരമായ പ്രശ്നങ്ങളെ തുടർന്നാണ് പ്രതിഷേധമെന്ന് യച്ചൂരി പറഞ്ഞു. ശക്തമായ ജനകീയ മുന്നേറ്റമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു.

അതേസമയം, എൽഡിഎഫിന്റെ രാജ്ഭവൻ പ്രതിരോധത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ്  ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

ഇത്തരം സമരങ്ങളില്‍ സർക്കാര്‍ ജീവനക്കാർ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹാജർ ഉറപ്പുവരുത്തിയാണ് ജീവനക്കാരെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ,  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങി ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തിൽ പങ്കെടുക്കേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. രാജ്ഭവന്‍ ധര്‍ണയുടെ സമയത്തുതന്നെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും. 

അതേസമയം, ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിലാണ്. പ്രകടനത്തിന്റെ പേരിൽ രാജ്ഭവൻ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ 600 പൊലീസുകാരെ വിന്യസിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker