KeralaNews

തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. എല്‍ഡിഎഫിനാണ് നേട്ടം. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ല് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ വിജയന്റെ ജയം 94 വോട്ടിനാണ്.

ഉപതിരഞ്ഞെടുപ്പ് നടന്ന സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.രാധാകൃഷ്ണന്‍ വിജയിച്ചു. എല്‍ഡിഎഫിന് 547 ലോട്ടും യുഡിഎഫിന് 435 (എം കെ മനോജ് ) വോട്ടുമാണ് ലഭിച്ചത്.

കോഴിക്കോട് വളയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കല്ലുനിര എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ കെ ടി ഷബിന 196 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന് 594 വോട്ടും യുഡിഎഫിന് 398 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചയാള്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വെച്ചത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ അലക്‌സാണ്ടര്‍ ഡാനിയേല്‍ വിജയിച്ചു. 321 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയം. ആകെയുള്ള 20 സീറ്റില്‍ എല്‍ഡിഎഫിന് 11 സീറ്റായി.

കോട്ടയം എലിക്കുളം പഞ്ചായത്ത് വാര്‍ഡ് 14ല്‍ യുഡിഎഫിനാണ് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിംസ് ചാക്കോ ജീരകത്ത് 155 വോട്ടിന് ജയിച്ചു. സ്വതന്ത്ര അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.

മലപ്പുറം തലക്കാട് പഞ്ചായത്ത് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. പതിനഞ്ചാം വാര്‍ഡിലെ ഉപതെരെഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കാണ് വിജയം. സിപിഐഎമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിലാണ് ‘ടൈ’ ആയത്. ഇരു മുന്നണികളും 168 വോട്ട് വീതമാണ് നേടിയത്. തുടര്‍ന്ന് നെറുക്കെടുപ്പിലൂടെ ഇടത് സ്ഥാനാര്‍ത്ഥിക്ക് ജയം ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button