തിരുവനന്തപുരം: കേരളത്തില്‍ ഭൂമിക്ക് യുണീക് തണ്ടപ്പേര്‍ (ഒറ്റ തണ്ടപ്പേര്‍ ) സംവിധാനം നടപ്പാക്കുന്നതിന് തുടക്കമായി. യൂണിക് തണ്ടപ്പേര്‍ നടപ്പാക്കുന്നതിനായി ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യുണീക് തണ്ടപ്പേര്‍ നടപ്പാക്കുന്നതോടെ പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപ്പേരാകും.
യുണീക് തണ്ടപ്പേര്‍ വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനും ഉപകരിക്കും. അധികഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുക, വിവിധ ക്ഷേമപദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തുക തുടങ്ങിയവയും സാധ്യമാകും. രാജ്യത്ത് ആദ്യമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ക്ക് തുടക്കമാകും. വില്ലേജുകളില്‍ ഭൂവിവരം ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്യാന്‍ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റര്‍ ചെയ്യുന്നവരുടെയും നിലവിലെ ഭൂവുടമകളുടെയും ആധാര്‍, മൊബൈല്‍ നമ്പരുകള്‍ വില്ലേജ് ഓഫീസുകളില്‍ ശേഖരിച്ചുതുടങ്ങും.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും ആധാര്‍ ലിങ്ക് ചെയ്യുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. ഓഗസ്റ്റിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.