KeralaNews

മൂഴിയാറിന് സമീപം മണ്ണിടിഞ്ഞു; കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങി

പത്തനംതിട്ട: ശക്തമായ മഴയിൽ ഗവി മൂഴിയാറിന് സമീപം മണ്ണിടിഞ്ഞു. കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ യാത്ര തടസ്സപ്പെട്ടു. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഞായറാഴ്‍ച രാവിലെ 8മണിയോടെയാണ് മൂഴിയാറിന് സമീപം മണ്ണിടിഞ്ഞത്. വലിയതോതിലുള്ള മണ്ണിടിച്ചിലല്ലെങ്കിലും വാഹന​ങ്ങൾ കടന്നുപോകുന്നതിന് തടസ്സം നേരിട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബസിലെയും മറ്റ് വാഹനയാത്രികരുടെയും നേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. വൈകാതെ മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് വിവരം.

പത്തനംതിട്ടയിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നി‍ര്‍ദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടുമാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നയിപ്പ്. മലയോരമേഖലകളിൽ മഴ കനക്കുകയാണ്.  

റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പത്തനംതിട്ടയിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ര്‍ത്തിക്കാനുളള സ്ഥലങ്ങൾ കണ്ടെത്തി മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. 44 ഇടങ്ങളിൽ പ്രകൃതിദുരന്തസാധ്യതയെന്നാണ് വിലയിരുത്തൽ. 

ജാഗ്രതാ നിര്‍ദ്ദേശങ്ങൾ 

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതിജാഗ്രത വേണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ, മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.പത്തനംതിട്ടയുടെ മലയോര മേഖലയിൽ  വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. 

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചു. തമിഴ് നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ.

റെഡ് അലർട്ട്

19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി

20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  

ഓറഞ്ച് അലർട്ട്

19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി

മഞ്ഞ അലർട്ട്

19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഉൾപ്പെടെ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ, 19.05.2024 (നാളെ ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button