മൂന്നാര്‍: മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ 80 പേര്‍ താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. എന്നാല്‍ ഇവിടെ എത്ര പേര്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നും എത്ര പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മറ്റിയെന്നും വ്യക്തമല്ല. പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്. നിരവധി പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നതായുമാണ് വിവരം. പോലീസും അഗ്‌നിശമനസേനയും രാജമലയിലേക്ക് തിരിച്ചു.
പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നതിനാല്‍ രണ്ട് മണിക്കൂറെങ്കിലും വേണം ഇവര്‍ക്ക് ഇവിടെ എത്താന്‍. മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലവും ഒലിച്ച് പോയിരുന്നു. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്ഥലത്ത് ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.