റാഞ്ചി: മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ. ഝാര്‍ഖണ്ഡിലെ രാധാനഗറിലാണ് സംഭവം. രാജു മണ്ഡല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി അമ്മയെയും മകളെയും കസ്റ്റഡിയിലെടുത്തു.
രാജു മണ്ഡല്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു. പലപ്പോഴായി ഇത് തുടര്‍ന്നു. ഇവരുടെ വീട്ടില്‍ നിന്ന് പല വസ്തുക്കളും എടുത്തുകൊണ്ടുപോകുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ ഗ്രാമവാസികളോട് ഇത് സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് അമ്മയും മകളും ചേര്‍ന്ന് രാജു മണ്ഡലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
വെള്ളിയാഴ്ച ഇവര്‍ വയര്‍ വാങ്ങി അതിന്റെ പുറംകവര്‍ ഒഴിവാക്കി ഉണങ്ങിയ മുളവടിയില്‍ ചുറ്റി. ഇത് പ്ലഗ്ഗില്‍ കണക്ട് ചെയ്യുകയും ചെയ്തു. ഇത് വാതിലിനോട് ചേര്‍ന്ന് സ്ഥാപിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് രാജു മണ്ഡല്‍ ഇവരുടെ വീട്ടിലെത്തിയത്.
വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിച്ചതും ഇയാള്‍ ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചുവീണു. രാജു മണ്ഡലിന്റെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തു. അമ്മയെ ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത മകളെ ജുവനൈല്‍ ഹോമിലേക്കും അയച്ചതായി പൊലീസ് പറഞ്ഞു.