കോട്ടയം:കുവൈത്തിലെ ഇന്ത്യൻ എംബസി അഭയ കേന്ദ്രത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സന്തോഷും കുടുംബാംഗങ്ങളും ഇന്ന് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈ മാസം രണ്ടിനാണ് ഇന്ത്യൻ എംബസിയുടെ അഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട്ട് തേക്കനയിൽ സുമി (37)യെ കുവൈറ്റിലെ മുബാറക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ മരിച്ച നിലയിലാണു യുവതിയെ എത്തിച്ചത്.ഇക്കാര്യം ആശുപത്രിയിൽ നിന്നും ലഭിച്ച മരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ശ്വാസ കോശത്തിലേക്കുള്ള ശ്വസന വായുവിന്റെ കുറവിനെ തുടർന്നുണ്ടായ ഹൃദയാഘാം മൂലമാണു മരണം സംഭവിച്ചത് എന്നും മരണ റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എംബസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി കൊണ്ട് മനോജ് കുര്യൻ എന്നയാൾ ഞായറാഴ്ച യുവതിയുടെ നാട്ടിലെ ബന്ധുക്കളെ വിളിച്ച് മരണ വിവരം അറിയിക്കുകയായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഹൃദയാഘാതം മൂലം യുവതി മരണമടഞ്ഞുവെന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇയാൾ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ സുമിയുടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് ബാധയുള്ളതായി കണ്ടെത്തിയെന്നും ഇക്കാരണത്താൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കില്ലെന്നും ഇന്നലെ ഇയാൾ വീണ്ടും ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇതിനു പുറമേ മൃതദേഹം ഇവിടെ അടക്കം ചെയ്യുന്നതിനു ബന്ധുക്കളുടെ സമ്മത പത്രം അയക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി യുവതിയുടെ സഹോദരൻ സന്തോഷ് പറഞ്ഞു.
ഇതിനിടയിൽ യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തിരുന്നു..മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത് സീൽ പതിച്ച സർട്ടിഫിക്കറ്റും അധികൃതർ നൽകിയിരുന്നു. കോവിഡ് ബാധ കണ്ടെത്തിയാൽ , പ്രോട്ടോ കോൾ പ്രകാരം മൃതദേഹം പുറത്തു വിട്ടു കൊടുക്കുകയോ സാധാരണ മോർച്ചറിയിലേക്ക് മാറ്റുകയോ ചെയ്യുന്നത് പതിവല്ല.ഇവിടെയാണു യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്.
എന്നാൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു പറ്റിയ സാങ്കേതിക പിശക് മൂലമാണു ഇത്തരം സാഹചര്യം ഉണ്ടാകാൻ ഇടയായത് എന്ന് സംഭവത്തിൽ ആരോപണ വിധേയനായ മനോജ് കുര്യൻ പറയുന്നത്. യുവതിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇന്ന് തന്നെ ലഭിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.യുവതിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എംബസിയുടെ അഭയ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രാലയം ക്വാറന്റൈൻ ഏർപ്പെടുത്തിയതായും പറഞ്ഞു. എന്നാൽ കോവിഡ് ബാധ സ്ഥിരീകരിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നാണു ഏറ്റവും ഒടുവിൽ ഇദ്ദേഹം ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
മരിക്കുന്നതിനു തൊട്ടു മുമ്പു കഴിഞ്ഞ വെള്ളിയാഴ്ചയാണു യുവതി അവസാനമായി നാട്ടിലേക്ക് വിളിച്ചത്. അപ്പോഴും അസുഖത്തെ സംബന്ധിച്ചോ മറ്റോ യുവതി യാതൊരു പരാമർശ്ശവും നടത്തിയിരുന്നില്ലെന്നും പൂർണ്ണ ആരോഗ്യ വതിയായാണു ഇവർ സംസാരിച്ചതെന്നും ബന്ധുക്കൾ പറയുന്നു. യുവതി കൊറോണ ബാധിതയാണെന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മൃതദേഹം കുവൈത്തിൽ അടക്കം ചെയ്യുവാനുള്ള സമ്മത പത്രം അയക്കുകയുള്ളൂ എന്നാണു ബന്ധുക്കളുടെ നിലപാട്.
അല്ലാത്ത പക്ഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്ന് തന്നെയാണു ബന്ധുക്കൾ ആവശ്യപ്പെടുന്നത്.ഇതെ തുടർന്നാണു യുവതിയുടെ സഹോദരൻ സന്തോഷ് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഇതിനു പുറമേ
കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കുവൈറ്റിലെ ഇന്ത്യൻ എംബസിക്കും കത്ത് നൽകുമെന്ന് തോമസ് ചാഴികാടൻ എം പി യും അറിയിച്ചിട്ടുണ്ട്.എംബസിയുടെ അഭയ കേന്ദ്രവുമായി ബന്ധപ്പെട്ട് അനധികൃത ലോബി പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ കുവൈത്ത് സന്ദർശ്ശന വേളയിൽ എംബസിയുടെ അഭയ കേന്ദ്രത്തിലും അദ്ദേഹം സന്ദർശ്ശനം നടത്തിയിരുന്നു. അന്ന് സ്ത്രീകളായ നിരവധി അന്തേവാസികൾ മന്ത്രിയുടെ മുന്നിൽ ഗുരുതരമായ പരാതികൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ഉന്നയിക്കുന്ന സംശയം ബലപ്പെടുന്നത്.