KeralaNewspravasi

കുവൈറ്റില്‍ കോട്ടയംകാരി മരിച്ചു, സംശയമുന്നയിച്ച് ബന്ധുക്കള്‍,കൊവിഡ് നെഗറ്റീവായി മൃതദേഹം വിമാനത്തില്‍ കയറ്റുന്നതിന് തൊട്ടുമുമ്പ് പോസിറ്റീവെന്ന് അറിയിപ്പ്, നടപടിക്രമങ്ങള്‍ അടിമുടി ദുരൂഹമെന്ന് ആരോപണം

കോട്ടയം : കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ താമസിച്ചുവന്നിരുന്നു മലയാളി യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍
.കോട്ടയം സംക്രാന്തി സ്വദേശിനിയായ സുമി തെക്കനായില്‍(37) ആണ് കുവൈറ്റില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.തൊഴില്‍ തട്ടിപ്പിന് ഇരയായതിനേത്തുടര്‍ന്ന് ഒരു മാസം മുമ്പ് എംബസിയില്‍ അഭയം തേടിയ സുമി ഇവിടെ താമസിച്ചുവരികയായിരുന്നു.

രണ്ടാം തിയതിയാണ് സുമിയുടെ മരണം. മരണവാര്‍ത്ത ഞായറാഴ്ചയാണ് കോട്ടയത്തെ ബന്ധുക്കളെ അറിയിക്കുന്നത്. മനോജ് എന്നയാളാണ് ഹൃദയാഘാതം മൂലം സുമി മരിച്ചതായും ഇവര്‍ക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കളെ അറിയിച്ചത് .എന്നാല്‍ തലേ ദിവസം വരെ സഹോദരി സീമയോട് സംസാരിച്ച സുമി അസുഖത്തെക്കുറിച്ച് യാതൊന്നും പറയാത്തതും പെട്ടെന്ന് മരണവാര്‍ത്ത എത്തിയതുമാണ് ബന്ധുക്കളെ സംശയത്തിലാക്കുന്നത് . ഇക്കാര്യം ചൂണ്ടിക്കാട്ടി ജനപ്രതിനിധികളുമായി ആലോചിച്ചു ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കുവാനാണ് ബന്ധുക്കളുടെ തീരുമാനം.

മരണ വിവരം അറിയിച്ചയാള്‍ സുമിയുടെ കൊറോണ ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് തടസങ്ങള്‍ ഇല്ലെന്നും ആറാം തിയതി വരുന്ന കാര്‍ഗോയില്‍ മൃതദേഹം എത്തിക്കാമെന്നും കോട്ടയത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് അതേ വ്യക്തി തന്നെ ഫോണില്‍ വിളിച്ചു മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്നും കൊറോണ ടെസ്റ്റ് പോസറ്റീവ് ആണെന്നും അറിയിച്ചതായി ഇവര്‍ പറഞ്ഞു. ഞായറാഴ്ച സീല്‍ ചെയ്ത മൃതദേഹത്തില്‍ കൊറോണ ടെസ്റ്റില്‍ ആദ്യ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്നെങ്ങനെ ടെസ്റ്റ് നടത്തിയെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്.

മാത്രമല്ല മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ സര്‍ട്ടിഫിക്കറ്റും ബന്ധുക്കളുടെ പക്കലുണ്ട്. പിന്നെങ്ങനെ കൊറോണ പോസറ്റീവ് പുതിയ സംഭവം ഉണ്ടായി എന്നതാണ് സംശയം.പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലാതിരുന്ന സുമിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നതായി ആശുപത്രി രേഖകളില്‍ വ്യക്തമാണ്. അതിനാല്‍ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കൊച്ചിയില്‍ റിക്രൂട്ടിംഗ് തട്ടിപ്പ് നടത്തിയ ജോര്‍ജ് ഇന്റര്‍നാഷണല്‍ വഴിയാണ് സുമി കുവൈറ്റിന് പോയത്.കൃത്യമായ ജോലിയോ ശമ്പളമോ ലഭിച്ചിരുന്നുമില്ല.കിഡ്‌നി സംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കമ്പനി അധികൃതര്‍ മുങ്ങി. തുടര്‍ന്നാണ് അഭയം തേടി സുമി എംബസിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker