
കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അറസ്റ്റിൽ. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അതേസമയം അമ്മ കുറ്റം സമ്മതിച്ചിട്ടില്ല.
എന്നാൽ സുഹൃത്ത് ധനേഷ് പെൺകുട്ടികളെ ഉപദ്രവിച്ചതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടികളും ക്ലാസ് ടീച്ചറും നൽകിയ മൊഴിയാണ് അമ്മയുടെ അറസ്റ്റിന് നിർണായകമായത്.
കേസിൽ ഇരയായ പെൺകുട്ടികളുടെ രഹസ്യമൊഴി പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിൽ പൊലീസ് രേഖപ്പെടുത്തി. 10നും 12നും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്ത്, ടാക്സി ഡ്രൈവറായ ധനേഷിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു
അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്താണ് പീഡനം നടന്നത്. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വർഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു.
പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന ടാക്സി ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച ധനേഷ്. പിതാവിന്റെ മരണശേഷം ശനി, ഞായർ ദിവസങ്ങളിൽ ധനേഷ് വീട്ടിലെത്തുമായിരുന്നു.