24.4 C
Kottayam
Wednesday, May 22, 2024

കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; ഒത്തുതീർപ്പിന് ബിജെപി, പരാതിക്കാരനുമായി പാർട്ടി ചർച്ച നടത്തി

Must read

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീൺ വി.പിള്ള പറഞ്ഞു.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുമ്മനത്തെ പ്രതി ചേർത്തുള്ള കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് പണമിടപാടുകൾ നടത്തി ഒത്തു തീർപ്പിനായി ബിജെപി ശ്രമിക്കുന്നത്.

പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആർ ഹരികൃഷണൻ പരാതി നൽകിയത്. ഈ കമ്പനിയുടെ ഉടമ വിജയൻ പരാതിക്കാരന് നൽകാനുള്ള മുഴുവൻ പണവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തിൽ എത്രയും വേഗം ഇടപാടുകൾ തീർക്കാനാണ് തീരുമാനം.

കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീൺ വി.പിള്ളയുടെ നിർദേശപ്രകാരമാണ് പരാതിക്കാരൻ കമ്പനിയിൽ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചർച്ച നടത്തിയിരുന്നെന്ന് പരാതിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീൺ പറയുന്നത്.

അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയർന്ന കേസിൽ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി വിരൽ ചൂണ്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week