സി.ബി.എസ്.ഇ സ്‌കൂളുകളില്‍ കുമാരനാശാന്റെ കവിതയ്ക്ക് അപ്രഖ്യാപിത വിലക്ക്; കവിതയുടെ ശീര്‍ഷകം തിരുത്തി
തിരുവനന്തപുരം: കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’ എന്ന കവിതയ്ക്ക് സി.ബി.എസ്.ഇയുടെ അപ്രഖ്യാപിത വിലക്ക്. മൂന്നാം ക്ലാസിലെ മലയാള പാഠാവലയിലാണ് കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിത വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളത്.
തള്ള എന്ന പദം ചീത്ത വാക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് തലസഥാനത്തെ ചില സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഈ കവിത പഠിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
സി.ബി.എസ്.ഇ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഫാ. സുനില്‍ ജോസ് സി.എം.ഐ തയ്യാറാക്കിയ കോഴിക്കോട്ടെ പ്രസാദകര്‍ പുറത്തിറക്കിയ പ്രിയമലയാളം എന്ന പേരില്‍ ഇറക്കിയ പുസ്തകത്തില്‍ കുട്ടിയും തള്ളയും എന്ന പേര് മാറ്റി കുട്ടിയും അമ്മയും എന്നാക്കിയിട്ടുണ്ട്. കുട്ടിയും തള്ളയും എന്ന പേരില്‍ പുസ്തകം ചെലവാകാതെ വന്നപ്പോഴാണ് ശീര്‍ഷകം മാറ്റിയതെന്നാണ് ന്യായീകരണം. ആശാന്റെ പുഷ്പവാടി എന്ന സമാഹാരത്തില്‍ വന്ന കവിതയാണ് കുട്ടിയും തള്ളയും. പൂമ്പാറ്റയും പുവുമാണ് കവിതയിലെ കഥാപാത്രങ്ങള്‍. പൂമ്പാറ്റകള്‍ പൂവില്‍ നിന്ന് പറന്നുപോകുന്നത് കണ്ട കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണമാണ് കവിത. എന്നാല്‍ ആശാന്റെ കവിതയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.