‘എന്നെ ബുദ്ധിമുട്ടിച്ചത് പോലെ ഇനി ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കരുത്, ക്രൂരമായാണ് അയാള്‍ പെരുമാറിയത്’; തുറന്നു പറഞ്ഞ് നടന്‍ ആനന്ദ്
ആദ്യമായി അഭിനയച്ച സീരിയലില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സീരിയല്‍ താരം ആനന്ദ്. കുടുംബവിളക്ക് എന്ന സീരിയലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. ആ സംവിധായകന്‍ വളരെ ക്രൂരമായാണ് പെരുമാറിയതെങ്കിലും ഗുരുസ്ഥാനിയനായിട്ടാണ് അദ്ദേഹത്തെ കാണുന്നത് എന്നാണ് ആനന്ദ് പറയുന്നത്.
ഒരു സംവിധായകന്‍ സീരിയലിലേക്ക് കാസ്റ്റ് ചെയ്തു. ആദ്യത്തെ ഷോട്ട് എടുക്കുക വരെ ചെയ്തിരുന്നു. തന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഇരുപത് വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നും അദ്ദേഹത്തെ ഒരു ഗുരുസ്ഥാനിയനായിട്ടാണ് കാണുന്നത്.
സീരിയലിന് പുറമേ സിനിമയും സംവിധാനം ചെയ്തിട്ടുള്ള ആളാണ് ആ സംവിധായകന്‍. തിരുവനന്തപുരംകാരനാണ്. അദ്ദേഹം ഇരുപത് വര്‍ഷത്തെ എക്പീസിരയന്‍സ് വച്ചാണ് തന്നെ കണ്ടത്. ആദ്യം ഷോട്ട് എടുത്തു, രണ്ടാമതും മൂന്നാമതും ആയി. ആദ്യമായി വന്നതിന്റെ ടെന്‍ഷന്‍ ആണ്.
പ്രൊംപ്റ്റിംഗ് ഉള്ളതു കൊണ്ട് അഭിനയിക്കുന്നതിനിടയില്‍ എവിടെയാണ് പ്രൊംപ്റ്റിംഗ് എന്ന് താന്‍ തിരിഞ്ഞ് നോക്കും. ഒരു കാത് പ്രൊംപ്റ്റര്‍ക്കും ഒരു കാത് സംവിധായകനും കൊടുക്കണമെന്ന് പിന്നീടാണ് മനസിലായത്. ആദ്യ ഷോട്ട് നാലഞ്ച് തവണ എടുത്ത് ശരിയാക്കി. രണ്ടാമത്തെ ഷോട്ടിലേക്ക് പോയപ്പോല്‍ അത് എടുത്ത് ശരിയാവാതെ വന്നു.
പിന്നെ പുള്ളിക്കാരന്‍ വല്ലാതെ വൈലന്റ് ആയി. പാക്കപ്പ് പറഞ്ഞ് ഷൂട്ടിംഗ് ലൊക്കേഷനില്‍ സീനാക്കി. വേറൊരു ആര്‍ട്ടിസ്റ്റിനെ തന്നാലേ എടുക്കാന്‍ പറ്റുകയുള്ളു എന്നൊക്കെ പറഞ്ഞു. നിന്റെ മുഖത്ത് അഭിനയം വരില്ല. നിനക്ക് അറിയാവുന്ന ജോലി അവതരണമാണെങ്കില്‍ അത് ചെയ്താല്‍ മതി.
തന്നെ ബുദ്ധിമുട്ടിച്ചത് പോലെ ഇനി ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞാണ് തന്നെ ലൊക്കേഷനില്‍ നിന്ന് പറഞ്ഞ് വിടുന്നത് എന്നാണ് പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് ആനന്ദ് പറഞ്ഞത്.