KeralaNewsPolitics

‘കള്ളച്ചൂതിന് ഒരുമ്പെട്ട യുവസിങ്കം താനൂർ കടപ്പുറത്ത് തോറ്റുമലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ’

മലപ്പുറം : സമൂഹമാധ്യമങ്ങളിലൂടെ മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ അബ്ദുറബ്ബ് നടത്തിയ പരിഹാസത്തിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ വീണ്ടും രംഗത്ത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തതും കഴിഞ്ഞ സർക്കാരിൽ മന്ത്രിസ്ഥാനം നഷ്ടമായതും പഴയകാല സിമി ബന്ധവുമെല്ലാം എണ്ണിപ്പറഞ്ഞ് പരിഹസിച്ച അബ്ദുറബ്ബിന് അതേനാണയത്തിൽ മറുപടി നൽകിയും, ഇടയ്ക്ക് കടുത്ത പരിഹാസം ഉയർത്തിയുമാണ് ജലീലിന്റെ മറുപടി. ‘റബ്ബാണ് റബ്ബേ റബ്ബ്’ എന്നു തുടങ്ങി അതേ വാചകത്തിൽ അവസാനിക്കുന്നതാണ് സമൂഹമാധ്യമത്തിലൂടെ ജലീൽ നൽകിയ മറുപടി.

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽനിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായതു മറന്നു പോയോ റബ്ബേയെന്ന് ജലീൽ ചോദിച്ചു. അതേ സിമിയുടെ നേതാവായ സമദാനി മലപ്പുറത്തെ ലീഗിന്റെ എംപിയാണെന്ന കാര്യം ഓർമ്മയില്ലേയെന്നു ചോദിച്ച ജലീൽ, കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേയെന്നും കുറിച്ചു. കള്ളച്ചൂതിന് ഒരുമ്പെട്ട ‘യുവസിങ്കം’ താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേയെന്ന് പരിഹസിക്കാനും ജലീൽ മറന്നില്ല.

ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:

റബ്ബാണ് റബ്ബേ റബ്ബ്!
ഗംഗയിൽ നിന്ന് പോയ മെസ്സേജുകൾ വിശുദ്ധ ഖുർആനും റംസാൻ കിറ്റുകളും വിതരണം ചെയ്യാൻ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ!
അല്ലാതെ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ!
ഗംഗയിൽ നിന്ന് ഒഴുകിയ സന്ദേശങ്ങളിൽ ഒരു “ലൗ” ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാൽ റബ്ബിനറിയാം റബ്ബേ!
“തലയിൽ മുണ്ടിട്ട്” ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ റബ്ബേ!
തൻ്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേ!
കള്ളച്ചൂതിന് ഒരുമ്പെട്ട ‘യുവസിങ്കം’ താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ!


‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽ നിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ!
അതേ സിമിയുടെ നേതാവായ സമദാനി ലീഗിൻ്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓർമ്മയില്ലേ റബ്ബേ!
എക്സ്പ്രസ് ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാർക്കും ബന്ധുക്കൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, UDF ഒളിച്ചു കളി നടത്തിയപ്പോൾ അതിനെയല്ലേ ശക്തിയുക്തം എതിർത്തത് റബ്ബേ!


ഇഹലോകത്ത് നൻമ ചെയ്യുന്ന എല്ലാവർക്കുമാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാൻ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ!
UDF സർക്കാരിൻ്റെ അഴിമതികൾക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ!


25 കൊല്ലം MLA ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാതെ പാർലമെൻ്ററി ജീവിതം അവസാനിപ്പിച്ചതിൽ എന്തു മഹത്വമിരിക്കുന്നു റബ്ബേ!
സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകൻ്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ!
”റബ്ബാണ് റബ്ബേ റബ്ബ്”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker