കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്യു വ്യക്തമാക്കി. കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റിയാണ് വിശദീകരണം നല്‍കിയത്. നജ്മ കെഎസ്യു പ്രവര്‍ത്തകയാണെന്ന പ്രചാരണം ശരിയല്ല. നജ്മയ്ക്ക് കെഎസ്യുവില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗിക്ക് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് നഴ്‌സിങ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചിലരുടെ വാദം.