തിരുവനന്തപുരം: 2024 ജനുവരി മുതല്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി. കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെ എസ് ആർ ടി സി ബസിൽ ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സജ്ജീകരണം. ഇത്തരത്തില്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റായിരിക്കും ലഭിക്കുക.
ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന യാത്രക്കാർക്ക് കൂടുതല്‍ ഓഫറുകളും നല്‍കുന്ന കാര്യം കെ എസ് ആർ ടി സി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനായി രാജ്യത്തെ പ്രമുഖ ആർടിസികളിൽ ഉപയോഗിക്കുന്ന ചലോ ആപ് വഴി പുതിയ ട്രാവൽ കാർഡുകളും കെ എസ് ആർ ടി സി അവതരിപ്പിക്കും. ഈ കാർഡുകള്‍ ഉപയോഗിച്ച് പതിവായി യാത്ര ചെയ്യുന്നവർക്കായിരിക്കും സൗജന്യയാത്രകൾ ഉള്‍പ്പെടേയുള്ള ഓഫറുകള്‍ ലഭിക്കുക.
മാസം ഒരേ റൂട്ടില്‍ 20 യാത്ര ചെയ്യുന്നവർക്ക് 2 ദിവസം സൗജന്യയാത്ര. ബെംഗളൂരുവിലേക്ക് ഒരു മാസം 8 യാത്ര ചെയ്യുന്നവർക്ക് അടുത്ത 2 യാത്രകൾ സൗജന്യം എന്നിവയാണ് ആലോചനകള്‍. പതിവായി ഒരേ റൂട്ടില്‍ യാത്ര ചെയ്യുന്നവർക്കും ആനുകൂല്യങ്ങളുണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകും. ഫെബ്രുവരിയോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
ഏതു ബസിലാണ് തിരക്ക് കൂടുതലെന്നും തിരക്കില്ലാത്ത റൂട്ടുകളേതെന്നും മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ചലോ ആപ്പ് വഴി മനസ്സിലാക്കാന്‍ സാധിക്കും. പുതിയ പൂർണ്ണ തോതില്‍ നടപ്പിലായാല്‍ നിലവിൽ ടിക്കറ്റ് നൽകുന്ന പേപ്പർ റോൾ വാങ്ങുന്നതിന് വർഷം മൂന്നു കോടി വരുന്ന ചെലവ് ഒഴിവാക്കാനുമാകും. ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും.
തലസ്ഥാന നഗരത്തിന്റെ സ്വന്തമായ സിറ്റി സർവ്വീസുകളുടെ 1എ (റെഡ്),1സി(റെഡ്), 2എ(ബ്ളൂ), 2സി(ബ്ളൂ), 3എ(മജന്ത), 3സി(മജന്ത), 4എ(യെല്ലോ), 5എ(വയലറ്റ്), 5സി(വയലറ്റ്), 6സി(ബ്രൗൺ), 7എ(ഗ്രീൻ), 7സി(ഗ്രീൻ), 8എ(എയർ റെയിൽ), 9എ(ഓറഞ്ച്) എന്നീ സർവ്വീസുകളുടെ മാത്രം റിയൽ ടൈം ട്രയൽ റൺ പ്രത്യേക ഗൂഗിൾ ട്രാൻസിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകും. ഇതിലൂടെ പൊതുജനങ്ങൾക്ക് ഗൂഗിൾമാപ്പിലെ ബസ്സ് സ്റ്റോപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.