KeralaNews

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി

കോഴിക്കോട്: ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകും.

ഭക്തജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താം. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങള്‍ ഈ അവസരത്തില്‍ ഒരു കാരണവശാലും ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.

ദേവസ്വവും സര്‍ക്കാരും ഹിന്ദുസമൂഹവും ചേര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് ആവശ്യത്തിനും ക്ഷേത്രജീവനക്കാരുടെ ദുരിതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തുകയാണ് ഇന്ന് അത്യാവശ്യമായി വേണ്ടത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ സംഭരിച്ചുവെച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ സര്‍ക്കാര്‍ ചെലവഴിക്കാതെ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകള്‍ പരിഹരിക്കാന്‍ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികള്‍ ജൂണ്‍ 30ന് ശേഷമേ തുറക്കൂ എന്ന് സഭ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവര്‍ഗ്ഗീസ് മോര്‍ കൂറിലോസ് എന്നിവര്‍ അറിയിച്ചു.

ക്രൈസ്റ്റ് സെന്റര്‍ ഹോസ്പല്‍ ചര്‍ച്ചിന്റെ നേതൃത്വത്തിലുള്ള ആരാധാനാലയങ്ങള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ വഴിയുള്ള ആരാധന തുടരുമെന്നും അവര്‍ വ്യക്തമാക്കി.

പ്രാര്‍ത്ഥനകള്‍ തുടങ്ങാനാണ് കത്തോലിക സഭ താമരശേരി രൂപതയുടെ തീരുമാനം. ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സര്‍ക്കുലര്‍ വഴി പുറത്തിറക്കി. ഇത് പ്രകാരം പൊതുയോഗങ്ങളും കുടുംബ കൂട്ടായ്മകളും തിരുനാളുകളും നടത്തരുത്.കുര്‍ബാനകളുടെ എണ്ണം കൂട്ടുന്ന കാര്യം അതത് ഇടവകകള്‍ക്ക് തീരുമാനിക്കാം. ഒരു കുര്‍ബാനയ്ക്ക് 100 പേരില്‍ കൂടുതല്‍ പേര്‍ പള്ളികളില്‍ പ്രവേശിക്കരുത്. പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവര്‍ പള്ളിയില്‍ വരരുത്. ദിവസവും ദേവാലയത്തില്‍ വരുന്നവരുടെ പേരു വിവരങ്ങള്‍ എഴുതി സൂക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ മുസ്ലീം സമുദായ സംഘടനകളില്‍ ഭൂരിപക്ഷവും പിന്‍മാറി. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാന്‍ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍ മുഴുവന്‍ മസ്ജിദുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ്.

കോഴിക്കോട് കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്‌ക്കാല്‍ പള്ളിക്ക് ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊവിഡ് വ്യാപന കാലത്ത് പള്ളി തുറക്കേണ്ടെന്നാണ് ഭാരവാഹികളുടെ തീരുമാനം. മിഷ്‌ക്കാല്‍ പള്ളിമാത്രമല്ല, കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ മസ്ജിദുകള്‍ മിക്കതും അടഞ്ഞ് കിടക്കും. മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള കേരളത്തിലെ ഒരു പള്ളിയും തുറക്കില്ല. നഗരപ്രദേശങ്ങളിലെ പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് എപി സുന്നിവിഭാഗം. ഇതോടെ എപി വിഭാഗത്തിന്റെ പകുതിയോളം പള്ളികള്‍ സംസ്ഥാനത്ത് അടഞ്ഞ് കിടക്കും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത പള്ളികള്‍ യാതൊരു കാരണവശാലും തുറക്കരുതെന്ന നിലപാടിലാണ് ജമാഅത്തെ ഇസ്ലാമി. മുജാഹിദ് കെ.എന്‍.എം വിഭാഗവും ഇതേ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍ നഗരങ്ങളിലെ കെ.എന്‍.എം പള്ളികള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സമസ്ത ഇ.കെ വിഭാഗം പള്ളികള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മാര്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാവും പ്രവര്‍ത്തനം. പള്ളികള്‍ തുറക്കാനാണ് മുജാഹിദ്-സുന്നി സംസ്ഥാന നേതൃത്വം തീരുമാനിച്ചെങ്കിലും പലസ്ഥലങ്ങളിലും പ്രാദേശിക കമ്മിറ്റികള്‍ പള്ളികള്‍ തുറക്കരുതെന്ന തീരുമാനത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button