KeralaNewsRECENT POSTS

പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ചേര്‍ത്തല: പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ ചേര്‍ത്തലയിലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപിക പത്രം വിതരണം ചെയ്തത്.

പഠിക്കുന്ന പുസ്തകത്തില്‍ പത്രം സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. അതുപോലെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞു. കുട്ടികള്‍ക്ക് അറിവ് പറഞ്ഞുകൊടുക്കേണ്ടവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്നാരോപിച്ച രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

കൃപാസനത്തിന്റെ വിശ്വാസിയായ അധ്യാപിക പഠനത്തില്‍ പിന്നോക്കത്തിലായ കുട്ടിക്ക് കൃപാസനം പത്രം നല്‍കിയതാണെന്നും അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് ഉപദേശിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ പറയുന്നു.

ഉപദേശിച്ച കൂട്ടത്തില്‍ ക്ലാസിലെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കുകൂടി അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തു. ഇത് സ്‌കൂള്‍ തുറന്ന ആഴ്ചയില്‍ നടന്നതാണെന്നും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത് കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സംഭവത്തെ തുടര്‍ന്നാണെന്നും മറ്റ് അധ്യാപകര്‍ പറയുന്നു. പ്രശ്‌നം സൃഷ്ടിച്ച അധ്യാപികയ്ക്ക് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button