തിരുവനന്തപുരം: രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കൻ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്.
തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.
അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു.
എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാൻ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’.’ ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്.
മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാൻ കഴിയാവുന്നവരെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കഴിയാത്തവരെന്നുമുള്ള ധ്വനി കെ സുധാകരന്റെ മറുപടിയിൽ ഉള്ളത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം നടത്തിയത്. ഇതിനിടയിലാണ് ചോദ്യകർത്താവ് കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് കെ സുധാകരൻ വിവാദപരമായ മറുപടി നൽകിയത്.