കൊല്ലം:യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആർഎസ്‌പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ എംഎൽഎ. ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ ഘടക കക്ഷിയാണ് കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർഎസ്പി ലെനിനിസ്റ്റ്. നിലവിൽ ആർഎസ്പിക്ക് നിയമസഭയിൽ അംഗങ്ങളില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു. എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആർഎസ്‌പിക്ക് ഇനി യുഡിഎഫിൽ തുടർന്ന് പോകാൻ സാധിക്കില്ലെന്നും അതിനാൽ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയുടെയും പേരിലാണ് കോവൂർ കുഞ്ഞുമോൻ ആർഎസ്പിയോട് മുന്നണി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ആർഎസ്പി ശക്തമായ പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടെന്നും കുഞ്ഞുമോൻ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറയിലെ പരാജയത്തിന് പിന്നാലെ ഷിബു ബേബി ജോണ്‍ ആർഎസ്‌പിയിൽ നിന്ന് അവധിയെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷ നൽകിയത്. ഇന്നലെ യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല. ചവറയില്‍ വിജയം ഉറപ്പിച്ച് പ്രചാരണം നയിച്ചിരുന്ന ഷിബു ബേബി ജോണ്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.