ന്യൂഡല്‍ഹി: വീണ്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. വരുന്ന നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ട്. മുന്‍ തവണത്തെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി അര്‍ഹരായവര്‍ വാക്‌സിന്‍ ഉടൻ സ്വീകരിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനം തയ്യാറാവണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.രാജ്യത്തെ ചെറിയ സംസ്ഥാനമായ ഛത്തീസ്ഗഡിലാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറുശതമാനം. ഛത്തീസ്ഗഡിന് പുറമേ മഹാരാഷ്ട്ര, പഞ്ചാബ്, എന്നി സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.