മണിമല, മീനച്ചില്‍ ആറുകള്‍ കരകവിഞ്ഞൊഴുകുന്നു, വെള്ളപ്പെക്ക ഭീതിയില്‍ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങള്‍
കോട്ടയം: ബുധനാഴ്ച മുതല്‍ ആരംഭിച്ച മഴയില്‍ ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുന്നു. കണമല, മൂക്കന്‍പെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമായി. കോട്ടയം-കുമളി റോഡില്‍ വണ്ടിപ്പെരിയാര്‍, പെരുവന്താനം എന്നിവിടങ്ങളില്‍ വെള്ളം കയറിയ സ്ഥിതിയാണ്. തീക്കോയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
ഈരാറ്റപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലായും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയിലാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളും ഭീതിയിലാണ് കഴിയുന്നത്. കിഴക്ക് മഴ ശക്തമായതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കുമരകം, വൈക്കം, തിരുവാര്‍പ്പ്, കാഞ്ഞിരം, കാരാപ്പുഴ, ചെങ്ങളം, കുമ്മനം, പരിപ്പ്, താഴത്തങ്ങാടി, ഇല്ലിക്കല്‍, ചീപ്പുങ്കല്‍, അയ്മനം, മുണ്ടാര്‍, കല്ലറ, വടയാര്‍, കാഞ്ഞിരം, പ്രദേശങ്ങളും വെള്ളപ്പെക്ക ഭീതിയിലാണ്.