കോട്ടയം മാര്‍ക്കറ്റ് തുറന്നു; അനുമതി മൊത്തവ്യാപാര ശാലകള്‍ക്കു മാത്രം
കോട്ടയം:ചുമട്ടു തൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 23ന് അടച്ച കോട്ടയം മാര്‍ക്കറ്റ് ഇന്നലെ(മെയ്4) പുലര്‍ച്ചെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് പ്രവര്‍ത്തനം. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് അനുമതി.
പുലര്‍ച്ചെ നാലു മുതല്‍ ആറുവരെ പഴം, പച്ചക്കറി, മത്സ്യ ലോറികള്‍ക്കും ആറു മുതല്‍ എട്ടുവരെ പലചരക്ക് സാധനങ്ങളുമായി വന്ന ലോറികള്‍ക്കുമാണ് മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിച്ചത്. കോടിമതയില്‍നിന്ന് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വ്യാപാരികളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്കില്‍ സമയക്രമീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. വ്യാപാരികളുടെ പ്രതിനിധികള്‍ക്കു പുറമെ മുനിസിപ്പാലിറ്റി, പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെയുണ്ട്.
എത്തുന്ന ലോറികള്‍ക്ക് ഹെല്‍പ്പ് ഡസ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍, ലോഡ് ഇറക്കുന്ന സ്ഥാപനം, അനുവദിക്കപ്പെട്ടിട്ടുള്ള സമയം എന്നിവ രേഖപ്പെടുത്തിയശേഷം ഇതേ വിവരങ്ങള്‍ അടങ്ങിയ പാസ് ജീവനക്കാര്‍ക്കു നല്‍കും. ഇവിടെത്തന്നെ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ലോറി ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ലോറി അണുവിമുക്തമാക്കുകയും ചെയ്യും.
ലോറികളില്‍ എത്തുന്നവര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടെത്തിയാല്‍ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോഡ് ഇറക്കിയാലുടന്‍ ലോറികള്‍ മാര്‍ക്കറ്റില്‍നിന്ന് പുറത്തു പോകണമെന്ന് നിബന്ധനയുണ്ട്.
പതിനൊന്നു മണിമുതല്‍ മൊത്ത വ്യാപാരശാലകളില്‍നിന്ന് ചില്ലറ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ചില്ലറ വ്യാപാരികളുടെ ചെറുവാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. വ്യാപാര ശാലകളില്‍ മാസ്ക് ഉപയോഗം, സാമൂഹീക അകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ലോറികളിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ഹോട്ടലുകളില്‍നിന്ന് പാഴ്സലായി എത്തിക്കുന്നതിന് വ്യാപാരികള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ബ്ലോക്കിലെ ടോയ്ലറ്റുകള്‍ പൂര്‍ണമായും ഇവര്‍ക്കായി മാറ്റിവച്ചിരിക്കുന്നു.
ഇന്‍സിഡന്‍റ് കമാന്‍ഡറായ തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.