FeaturedHome-bannerKeralaNews

നീതിതേടി ശബ്ദമുയർത്തുന്നത് കുറ്റകരമാണോ? കാപ്പൻ കേസിൽ യുപി സർക്കാർ വാദങ്ങൾ തള്ളി സുപ്രീംകോടതി,സിബലിന്റെ കാല്‍ക്കല്‍ വീണ് റൈഹാനത്ത്

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളപ്പോള്‍ ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് നിയമത്തിന്റെ കണ്ണുകളില്‍ കുറ്റകരമാണോയെന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകനോട് സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് ഈ ചോദ്യം ഉന്നയിച്ചത്. 2012-ല്‍ നിര്‍ഭയ കേസില്‍ ഇന്ത്യാ ഗേറ്റിന് സമീപത്തുണ്ടായ പ്രതിഷേധ സമരങ്ങളെ തുടര്‍ന്നാണ് ബലാത്സംഗ കേസുകളിലെ നിയമത്തില്‍ മാറ്റംവന്നതെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനില്‍ നിന്ന് കണ്ടെത്തിയ പ്രകോപനപരമായ സാധനങ്ങള്‍ എന്തൊക്കെയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ പ്രകോപനപരമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ലഘുരേഖകള്‍ വെറും അഭിപ്രായ പ്രകടങ്ങള്‍ മാത്രം അടങ്ങിയതാണെന്ന് ചീഫ് ജസ്റ്റിസ് യു. യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത്മലാനി മറുപടി നല്‍കി. കണ്ടെത്തിയത് ഒരു ഐ.ഡി കാര്‍ഡും ചില ലഘുലേഖകളും ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഉപയോഗിച്ച് കലാപം നടത്താന്‍ കാപ്പന്‍ ശ്രമിച്ചോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കാപ്പനില്‍നിന്ന് കണ്ടെത്തിയത് ടൂള്‍കിറ്റ് ആണെന്നും യു.പി സർക്കാർ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ആ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ചീഫ് ജസ്റ്റിസ് കോടതിയില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് കോടതി മുറിയില്‍ എത്തിയിരുന്നു. വാദം ആരംഭിച്ചപ്പോള്‍ മുതല്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ പിന്‍ഭാഗത്ത്, വലതുവശത്ത് എഴുന്നേറ്റുനിന്ന് കോടതി നടപടികള്‍ വീക്ഷിച്ചു. കോടതിയില്‍ നടന്ന വാദ പ്രതിവാദങ്ങള്‍ക്കിടെ റൈഹാനത്തിന്റെ മുഖത്ത് വികാരങ്ങള്‍ മാറിമറിഞ്ഞു.

വാദം പൂര്‍ത്തിയാക്കി അനുകൂല ഉത്തരവുമായി ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്തുവന്ന കപില്‍ സിബലിന്റെ കാല്‍ക്കല്‍ റൈഹാനത്ത് വീണു. തൊട്ട് പിന്നാലെ കരഞ്ഞുകൊണ്ട് തന്റെ സന്തോഷം പങ്കുവെച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം ജീവിതത്തില്‍ നേരിട്ട കഠിനമായ പ്രയാസങ്ങള്‍ നീക്കിയതിന് സിബലിനോട് മലയാളത്തില്‍ നന്ദി പറഞ്ഞു. കരഞ്ഞുകൊണ്ട് റൈഹാനത്ത് പറഞ്ഞ വാക്കുകള്‍ എന്താണെന്ന് മനസിലാകാത്ത സിബല്‍ തൊട്ടടുത്ത് നിന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനെ നോക്കി. ഹാരിസിന്റെ തര്‍ജ്ജിമ കേട്ട സിബല്‍ എല്ലാം ശരിയാകും എന്ന് ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

അപ്പോഴേക്കും മറ്റൊരു കോടതിയില്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ജയില്‍ മോചനത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചെന്ന് ജൂനിയര്‍ അഭിഭാഷകര്‍ സിബലിനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അങ്ങോട്ട് പോയി. റൈഹാനത്തും പുറത്തേക്ക് നീങ്ങി. കാപ്പന്റെ മക്കള്‍ അവിടെ അമ്മയ്ക്കായി കാത്തു നില്‍ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മക്കള്‍ക്ക് കോടതിക്കുള്ളില്‍ കയറാന്‍ അനുമതി ലഭിച്ചിരുന്നില്ല.

സിദ്ദിഖ് കാപ്പന്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഇതുവരെ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരുന്നു. ഇന്ന് മറ്റൊരു കേസില്‍ വാദം ഉന്നയിക്കാനായി തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് കോടതി മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ദിഖ് കാപ്പന്‍ കേസില്‍ ഹാജരായില്ല. മുതിർന്ന അഭിഭാഷകനും ബിജെ പി നേതാവുമായ മഹേഷ് ജെറ്റ് മലാനിയാണ് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker