കോട്ടയത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം;തിരുവഞ്ചൂരിന് ദേഹാസ്വാസ്ഥ്യം,ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന് പരിക്ക്
കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷംമാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്തുള്ളത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ വിരളിലെണ്ണാവുന്ന എണ്ണം പൊലീസ് സംഘമാണ് സ്ഥലത്തുള്ളത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ കഴിയുന്നത്ര പൊലീസ് സംഘം സ്ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. കല്ലേറിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനും കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്ളക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.കോട്ടയം നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.
.
കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നു കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.