മേല്‍നോട്ട ചുമതലയുള്ളവര്‍ കലാമേളയില്‍; കൂളിമാട് പാലം തകര്‍ന്നതില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്
കോഴിക്കോട്: നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കരാര്‍ കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ചയുണ്ടായെന്നാണ് ഇവര്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്ഥലത്ത് പോലുമുണ്ടായിരുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍. അതേസമയം പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മേയര്‍ 16നായിരുന്നു ബീമുകള്‍ തകര്‍ന്നത്. മലപ്പുറം, കോഴിക്കോട് അതിര്‍ത്തികളെ ബന്ധിപ്പിക്കുന്നതാണ് കൂളിമാട് പാലം. മൂന്ന് ബീമുകളാണ് നിര്‍മാണത്തിനിടെ തകര്‍ന്ന് വീണത്. പാലത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്. പദ്ധതിയുടെ ചുമതയലുള്ള അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസി എഞ്ചിനീയറും സംഭവ സമയത്ത് സ്ഥലുണ്ടായിരുന്നില്ല. നേരത്തെ തന്നെ വലിയ വിവാദമായിരുന്നു ഈ പാലം തകര്‍ന്നത്. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും വരെ ഇതില്‍ പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ മുഹമ്മദ് റിയാസ് ഇതെല്ലാം തള്ളിയിരുന്നു.
ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണ് ബീമുകള്‍ തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം വിശദമായ പരിശോധന നടത്തിയിരുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പാലം തകര്‍ന്നതിന് പിന്നാലെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പുനര്‍നിര്‍മാണ നടപടികളിലേക്ക് കടന്നുവെങ്കില്‍ റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍മാണം നിര്‍ത്തിവെക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. പോലീസും വിജിലന്‍സിന് പുറമേ അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം നിര്‍മാണം നടക്കുമ്പോള്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള സുപ്രധാന ജോലികള്‍ നടക്കുമ്പോള്‍ എഞ്ചിനീയര്‍മാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ച്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാഷ്വല്‍ ലീവ് ആയതിനാല്‍ പകരം ചുമതല നല്‍കിയില്ല എന്നാണ് അദ്ദേഹം വിശദീകരമം നല്‍കിയിരിക്കുന്നത്. അസി എഞ്ചിനീയര്‍ മറ്റൊരു നിര്‍മാണ സ്ഥലത്തായിരുന്നു എന്നാണ് വിശദീകരണം. കരാര്‍ കമ്പനിയുടെ ജീവനക്കാരുടെ മാത്രം മേല്‍നോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കല്‍ പ്രവര്‍ത്തികള്‍.