ജോളി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത് പാലായില്‍ നിന്ന്; കൊടുംക്രൂരത വിശ്വസിക്കാനാകാതെ സഹപാഠികള്‍
കോട്ടയം: കൂടെപഠിച്ചിരുന്ന കാലത്ത് സൗമ്യഭാവക്കാരിയായ ജോളിയാണ് കൂടത്തായിയില്‍ ആറ് പേരെ കൊലപ്പെടുത്തിയതെന്ന് ഇനിയും വിശ്വസിക്കാനാകാതെ പാലായിലെ പഴയ സഹപാഠികള്‍. 1993 മുതല്‍ 1996 വരെ പാലാ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളജിലാണു ജോളി ബി.കോമിനു പഠിച്ചത്. കട്ടപ്പന സ്വദേശിനിയായ ജോളി പാലായില്‍ ഹോസ്റ്റലില്‍ നിന്നാണു പഠനം പൂര്‍ത്തിയാക്കിയത്. എല്ലാവരോടും സൗമ്യമായാണ് ജോളി ഇടപെട്ടിരുന്നത്. പഠനകാലത്തിനു ശേഷവും പാലായിലുള്ള ചുരുക്കം ചില സഹപാഠികളുമായി സൗഹൃദം തുടര്‍ന്നിരുന്നു. സമീപകാലത്തും അവരെ ഫോണില്‍ വിളിച്ചിരുന്നു.
ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വര്‍ഷം മുമ്പാണ് റോയി തോമസിനെ പ്രണയിച്ച് വിവാഹം കഴിച്ച് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്ന ജോളി ഒരു വിവാഹത്തിനായി മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
അധികം വൈകാതെ തന്നെ വിവിധ കാരണങ്ങള്‍ കൊണ്ട് റോയിയുടെ മാതാപിതാക്കളെയും റോയിയെയും കൊലപ്പെടുത്തിയ ജോളി താന്‍ കൂടത്തായിയിലെത്താന്‍ കാരണക്കാരനായ മഞ്ചാടിയില്‍ മാത്യുവിനെ തന്നെയും കൊലപ്പെടുത്തി. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്മോര്‍ട്ടത്തിനായി വാശി പിടിച്ചതുമായിരുന്നു മാത്യുവിന്റെ ജീവനെടുക്കാന്‍ കാരണം.