ജോളി വീണ്ടും പൊന്നാമറ്റത്തേക്ക്; കൂടത്തായിയിലെ തെളിവെടുപ്പില്‍ പോലീസ് പ്രധാനമായും ശ്രമിക്കുന്നത് കൊല നടത്താന്‍ ഉപയോഗിച്ച സയനൈഡ് കണ്ടെത്താന്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്‍പ്പെടെ മൂന്നു പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. ജോളിയെ രാവിലെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്.
സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ജോളി നല്‍കിയ മൊഴി. ജോളി ജോലി ചെയ്തതെന്ന് അവകാശപ്പെട്ട എന്‍ഐടി കാമ്പസിനു സമീപമുള്ള ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്തും. ഇവിടെ ഇവര്‍ താമസിച്ചിരുന്നതായാണ് വിവരം. കേസില്‍ ജോളിക്കൊപ്പം അറസ്റ്റിലായ കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു, താമരശേരി തച്ചംപൊയില്‍ സ്വദേശി പ്രജുകുമാര്‍ എന്നിവരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.
ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയതിന് അറസ്റ്റിലായ മാത്യുവിന്റെയും പ്രജുകുമാറിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി അവരെയും കസ്റ്റഡിയില്‍ വിട്ടത്.