അന്വേഷണ വഴിയിൽ കൂടത്തായി ഐ.പി.എസ് ട്രെയിനികൾക്ക് പഠന വിഷയം, മുഴുവൻ ക്രെഡിറ്റും എസ്.പി കെ.ജി സൈമണിന് നൽകി ഡി.ജി.പി
കോഴിക്കോട് : കേരള പോലീസ് ഇന്നുവരെ കൈകാര്യം ചെയ്ത കേസുകളിൽ ഏറ്റവും സങ്കീർണ്ണമായ അന്വേഷണങ്ങളിൽ ഒന്നായാണ് കൂടത്തായി കൊലപാതക പരമ്പര പരിഗണിയ്ക്കുന്നത്. കേസിന്റെ അന്വേഷണ നാൾ വഴികൾ പഠിയ്ക്കാൻ ശനിയാഴ്ച ഐപിഎസ് ട്രെയിനുകളും വടകര എസ് പി ഓഫീസിലെത്തി. മുഖ്യപ്രതി ജോളിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഉച്ചയോടെ വിവിധ ജില്ലകളില്‍ നിന്നുള്ള ഐപിഎസ് ട്രെയിനികളായ 10 എഎസ്പിമാര്‍ വടകരയില്‍ എത്തിയത്. വീണു കിട്ടിയ അവസരം ഐപിഎസ് ട്രെയിനികൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി.
കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നു.. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിൽ ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പൊന്നാമറ്റത്തെ വീട് സന്ദർശിച്ച ശേഷം വടകര എസ്പി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
.ആറ് കൊലപാതകങ്ങളും ആറ് കേസുകളായിത്തന്നെയാണ് അന്വേഷിക്കുക. ഓരോ കേസും അന്വേഷിച്ച് കൃത്യമായ തെളിവുകൾ ശേഖരിയ്ക്കണം.17 വർഷങ്ങൾ മുമ്പാണ് ആദ്യ കൊലപാതകം നടന്നത്.അവസാന കൊലപാതകം 2016-ലും. കേസിൽ ദൃക്സാക്ഷികളുണ്ടാകില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോർത്തെടുത്ത് കേസിൽ കുറ്റപത്രം തയ്യാറാക്കണം. ആറ് കേസുകൾക്കും ആറ് ടീമുകളുണ്ട്. അതിന് മേൽനോട്ടം വഹിക്കാൻ മറ്റൊരു ടീമും വേണം. മിടുക്കരായ ഉദ്യോഗസ്ഥരെത്തന്നെ നിയോഗിക്കും – ബെഹ്‍റ പറഞ്ഞു. ഇത്തരം ഒരു കേസുണ്ടെന്ന് കണ്ടെത്തിയതിന്‍റെ ക്രെഡിറ്റ് എസ്‍പിക്ക് തന്നെയാണ്. ഓരോ ഘട്ടത്തിലും വിശദാംശങ്ങൾ കണ്ടെത്തിയത് നേട്ടമായിയെന്നും ഡിജിപി പറഞ്ഞു