KeralaNews

കോണോത്ത് പുഴ നവീകരണം; കൈയേറ്റങ്ങൾ ഒഴിപ്പിയ്ക്കാനൊരുങ്ങി ജില്ലാ കളക്ടർ

കൊച്ചി:കോണോത്ത് പുഴ നവീകരണത്തിന് സത്വര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പുനരുജ്ജീവന പ്രവർത്തനങ്ങളും പൂർത്തിയാക്കും. ആദ്യഘട്ട പ്രവർത്തനങ്ങളുടെ
ഭാഗമായി ഒരാഴ്ചയ്ക്കകം പുഴയുടെ അതിർത്തി നിർണ്ണയിച്ച് കൈയേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിച്ചു. ഒരാഴ്ചത്തെ നോട്ടീസ് കാലാവധി നൽകി കൈയേറ്റങ്ങൾ ഒഴിപ്പിക്കും. ഇതിനായി സർവേ വിഭാഗവും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തും.

പുഴയിലേക്ക് നേരിട്ട് മാലിന്യം തള്ളുന്ന സ്ഥാപനങ്ങളെയും കണ്ടെത്തി നോട്ടീസ് നൽകും. പുഴയിലേക്ക് നേരിട്ട് മാലിന്യ മൊഴുക്കുന്ന സ്ഥാപനങ്ങളുടെ ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കും. ഹോട്ടലുകൾ, ഫ്ളാറ്റുകൾ, വീടുകൾ, സർവീസ് സ്റ്റേഷനുകൾ തുടങ്ങിയവയിൽ നിന്ന് നേരിട്ട് മാലിന്യം പുഴയിലെത്തുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഖരമാലിന്യ സംസ്കരണ നിയമങ്ങൾക്ക് വിധേയമായിട്ടേ പ്രവർത്തനം അനുവദിക്കൂ.

പുഴയുടെ സംരക്ഷണത്തിനായുള്ള ദീർഘകാല പദ്ധതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇവ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും. പുഴ നവീകരണത്തിനും വീണ്ടെടുപ്പിനുമായുള്ള ജലസേചന വകുപ്പിൻ്റെ പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. നബാർഡിൻ്റെ ഭരണാനുമതിയാണ് ലഭിക്കാനുള്ളത്. 20.85 കോടി രൂപയുടെ പദ്ധതിയാണിത്.

പുഴയുടെ വശങ്ങളിൽ കൃഷി നടത്തുന്നതിനായി കൃഷി വകുപ്പും ഹരിത കേരള മിഷനും പദ്ധതി നടപ്പാക്കും. ശുചിത്വമിഷനും ദാരിദ്യ ലഘൂകരണ വിഭാഗവും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കും. പുഴയുടെ വശങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതികളും നടപ്പാക്കും. പുഴയ്ക്ക് കുറുകെ മൂന്ന് പാലങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള കരട് പദ്ധതി രേഖ സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ, ആമ്പല്ലൂർ എന്നീ പഞ്ചായത്തുകളിലൂടെയും തൃപ്പൂണിത്തുറ നഗരസഭയിലൂടെയുമാണ് കോണോത്ത് പുഴ കടന്നു പോകുന്നത്. ആകെ 34 കിലോമീറ്റർ ദൈർഘ്യമുള്ള പുഴയുടെ 21.3 കിലോമീറ്റർ സർവേ ആണ് പൂർത്തിയായത്. പത്ത് ദിവസത്തിനകം പ്രവർത്തന പുരോഗതി വിലയിരുത്താനുള്ള യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി കളക്ടർ (ഭൂപരിഷ്കരണം) കെ.ടി. സന്ധ്യാദേവി, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker