കോന്നിയിൽ കെ. സുരേന്ദ്രനുവേണ്ടി ഓര്‍ത്തഡോക്‌സ് സഭയുടെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടിക്ക് നിർദ്ദേശം
പത്തനംതിട്ട : കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനുവേണ്ടി ഓര്‍ത്തഡോക്‌സ് സഭയുടെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ജില്ലാപൊലീസ് മേധാവിയ്ക്കാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ മത ചിഹ്നങ്ങളുടെ ദുരുപയോഗമുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.
പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. വീഡിയോ നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവിയോട് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുതേടിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.