കൊല്ലം: തിരമാലയ്ക്കൊപ്പം തീരത്തേക്ക് പതയടിയുന്ന പ്രതിഭാസത്തില്‍ കൊല്ലത്ത് ആശങ്കയൊഴിയുന്നില്ല. പ്രതിഭാസത്തില്‍ പഠനം നടത്താനുള്ള തീരുമാനത്തിലാണ് കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതി. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തിരമാലയ്ക്കൊപ്പം തീരത്തേക്ക് പത നുരഞ്ഞ് അടിയുന്നത്.
കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സിന്റെ ഗവേഷക സംഘമാണ് കൊല്ലത്തെത്തി പഠനം നടത്തുക. പതയടിഞ്ഞ അപൂര്‍വ പ്രതിഭാസം പ്രദേശവാസികളേയും ആശങ്കയിലാഴ്ത്തിയിരിന്നു.
ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സിന്റെ വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രനുമായി ചര്‍ച്ച നടത്തി. ഏത്രയും പെട്ടെന്ന് ഈ മേഖലയിലേക്ക് വിദഗ്ധരടങ്ങുന്ന ഒരു പഠന സംഘത്തെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.