ഷാർജ:ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നാല് വിക്കറ്റിന് തകർത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ട് പന്തുകൾ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
ഈ വിജയത്തോടെ കൊൽക്കത്ത രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടൂർണമെന്റിൽ നിന്നും പുറത്തായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ സുനിൽ നരെയ്നാണ് കൊൽക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ ഏഴിന് 138, കൊൽക്കത്ത 19.4 ഓവറിൽ ആറിന് 139.
139 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ അഞ്ചോവറിൽ ഇരുവരും 40 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ ടൂർണമെന്റിലെ ഓറഞ്ച് ക്യാപ്പ് ഹോൾഡറായ ഹർഷൽ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ഗില്ലിനെ ഡിവില്ലിയേഴ്സിന്റെ കൈയ്യിലെത്തിച്ച് ഹർഷൽ ആദ്യ വിക്കറ്റ് സ്വന്തമാക്കി.
ഗില്ലിന് പകരം രാഹുൽ ത്രിപാഠി ക്രീസിലെത്തി. 6.2 ഓവറിൽ ടീം സ്കോർ 50 കടന്നു. രാഹുലിന് പക്ഷേ പിടിച്ചുനിൽക്കാനായില്ല. വെറും ആറ് റൺസ് മാത്രമെടുത്ത താരത്തെ ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ കൊൽക്കത്ത അപകടം മണത്തു.
പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും വെങ്കടേഷും വളരെ സൂക്ഷിച്ചാണ് കളിച്ചത്. സ്പിന്നർമാരെ കോലി ഇറക്കിയതോടെ കൊൽക്കത്തയുടെ വേഗം കുറഞ്ഞു. വെങ്കടേഷ് അയ്യരെ പുറത്താക്കാനുള്ള സുവർണാവസരം ഷഹബാസ് പാഴാക്കിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. എന്നാൽ 11-ാം ഓവറിൽ അയ്യരെ മടക്കി ഹർഷൽ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു.
30 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ ഹർഷൽ വിക്കറ്റ് കീപ്പർ ഭരത്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ കൊൽക്കത്ത 79 ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. അയ്യർക്ക് പകരം സുനിൽ നരെയ്നാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യപന്തിൽ തന്നെ സിക്സടിച്ച് നരെയ്ൻ സമ്മർദം കുറച്ചു. ഡാൻ ക്രിസ്റ്റ്യൻ എറിഞ്ഞ രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സടിച്ച് നരെയ്ൻ കൊടുങ്കാറ്റായി മാറി. 12 ഓവറിൽ ടീം സ്കോർ 100 കടന്നു.
എന്നാൽ 23 റൺസെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത റാണയെ പുറത്താക്കി ചാഹൽ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു. ഡിവില്ലിയേഴ്സാണ് താരത്തെ ക്യാച്ചെടുത്ത് പറഞ്ഞയച്ചത്. റാണയ്ക്ക് പകരം ദിനേശ് കാർത്തിക്ക് ക്രീസിലെത്തി.
അവസാന മൂന്നോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നു. സിറാജെറിഞ്ഞ 18-ാം ഓവറിലെ രണ്ടാം പന്തിൽ അപകടകാരിയായ നരെയ്ൻ പുറത്തായി. 15 പന്തുകളിൽ നിന്ന് 26 റൺസെടുത്ത നരെയ്നിനെ സിറാജ് ബൗൾഡാക്കി. താരത്തിന് പകരം നായകൻ ഒയിൻ മോർഗൻ ക്രീസിലെത്തി.
അതേ ഓവറിലെ നാലാം പന്തിൽ ദിനേശ് കാർത്തിക്കിനെയും മടക്കി സിറാജ് കളി ആവേശക്കൊടുമുടിയിൽ എത്തിച്ചു. 10 റൺസ് മാത്രമടുത്ത കാർത്തിക്ക് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തിന് ക്യാച്ച് നൽകി മടങ്ങി. ആ ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഇതോടെ അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 12 റൺസായി.
കാർത്തിക്കിന് പകരം ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സനാണ് ക്രീസിലെത്തിയത്. ജോർജ് ഗാർട്ടൺ എറിഞ്ഞ 19-ാം ഓവറിൽ കൊൽക്കത്ത അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഇതോടെ അവസാന ഓവറിൽ വിജയലക്ഷ്യം ഏഴ് റൺസായി.
അവസാന ഓവർ എറിഞ്ഞ ഡാൻ ക്രിസ്റ്റിയന്റെ ആദ്യ പന്തിൽ തന്നെ ഫോറടിച്ച് ഷാക്കിബ് മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. രണ്ടാം പന്തിൽ സിംഗിളും നേടി. മൂന്നാം പന്തിൽ മോർഗൻ ഒരു റൺസ് നേടി. നാലാം പന്തിൽ വിജയറൺനേടിക്കൊണ്ട് ഷാക്കിബ് കൊൽക്കത്തയ്ക്ക് ക്വാളിഫയറിലേക്കുള്ള വാതിൽ തുറന്നു. ബാംഗ്ലൂർ പൊരുതിത്തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഷാക്കിബ് ഒൻപതും മോർഗൻ അഞ്ചും റൺസെടുത്ത് പുറത്താവാതെ നിന്നു.
ബാംഗ്ലൂരിന് വേണ്ടി സിറാജ്, ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത കൊൽക്കത്ത ബൗളർമാരാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ബാറ്റിങ്നിരയുടെ തൂണുകളായ വിരാട് കോലി, ശ്രീകർ ഭരത്, ഗ്ലെൻ മാക്സ്വെൽ, ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കിക്കൊണ്ട് സുനിൽ നരെയ്നാണ് ബാംഗ്ലൂരിനെ ശിഥിലമാക്കിയത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി പതിവുപോലെ നായകൻ വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കമാണ് ഇരുവരും നൽകിയത്. ആദ്യ അഞ്ചോവറിൽ കോലിയും ദേവ്ദത്തും ചേർന്ന് 49 റൺസ് അടിച്ചെടുത്തു. എന്നാൽ ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ ദേവ്ദത്തിനെ പുറത്താക്കി ലോക്കി ഫെർഗൂസൻ കൊൽക്കത്തയ്ക്ക് ആശ്വാസം പകർന്നു.
ഫെർഗൂസന്റെ പന്ത് ദേവ്ദത്തിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. 18 പന്തുകളിൽ നിന്ന് 21 റൺസാണ് താരം നേടിയത്. ദേവ്ദത്തിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രീകർ ഭരത് ക്രീസിലെത്തി. 5.3 ഓവറിൽ ടീം സ്കോർ 50 കടന്നു.
ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം ബാംഗ്ലൂർ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. മത്സരത്തിനിടെ ഭരതിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് പാഴാക്കി. എന്നാൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഭരത് സുനിൽ നരെയ്ന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളിൽ നിന്ന് വെറും ഒൻപത് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
ആദ്യ അഞ്ചോവറിൽ 50 റൺസ് കണ്ടെത്താൻ സാധിച്ച ബാംഗ്ലൂരിന് പിന്നീടുള്ള അഞ്ചോവറിൽ വെറും 20 റൺസ് മാത്രമാണ് നേടാനായത്. ഭരതിനുപകരം വിശ്വസ്തനായ ഗ്ലെൻ മാക്സ്വെല്ലാണ് ക്രീസിലെത്തിയത്. മാക്സ്വെൽ വന്ന ശേഷം കോലി ആക്രമിച്ച് കളിച്ചു. പതിയേ സ്കോർ ഉയർന്നു.
എന്നാൽ 13-ാം ഓവറിൽ വിരാട് കോലിയെ ക്ലീൻ ബൗൾഡാക്കി സുനിൽ നരെയ്ൻ വീണ്ടും കൊൽക്കത്തയെ തകർച്ചയിലേക്ക് തള്ളിയിട്ടു. 33 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 39 റൺസാണ് കോലി നേടിയത്.
കോലിയ്ക്ക് പകരം ഡിവില്ലിയേഴ്സ് ക്രീസിലെത്തി. മാക്സ്വെല്ലും ഡിവില്ലിയേഴ്സും ചേർന്ന് 14 ഓവറിൽ ടീം സ്കോർ 100 കടത്തി. എന്നാൽ 15-ാം ഓവറിൽ നരെയ്ൻ വീണ്ടും അപകടം വിതച്ചു. അപകടകാരിയായ ഡിവില്ലിയേഴ്സിനെ ബൗൾഡാക്കി നരെയ്ൻ ബാംഗ്ലൂരിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. 11 റൺസ് മാത്രമാണ് ഡിവില്ലിയേഴ്സിന് നേടാനായത്.
പിന്നാലെ വിശ്വസ്തനായ ഗ്ലെൻ മാക്സ്വെല്ലിനെയും മടക്കി നരെയ്ൻ മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. 18 പന്തുകളിൽ നിന്ന് 15 റൺസെടുത്ത മാക്സ്വെൽ ലോക്കി ഫെർഗൂസന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ ബാംഗ്ലൂർ 112 ന് അഞ്ച് എന്ന നിലയിലേക്ക് വീണു.
പിന്നാലെ വന്ന ഷഹബാസ് അഹമ്മദിനും പിടിച്ചുനിൽക്കാനായില്ല. ലോക്കി ഫെർഗൂസന്റെ പന്തിൽ ശിവം മാവിയ്ക്ക് ക്യാച്ച് സമ്മാനിച്ച് 13 റൺസെടുത്ത് താരം മടങ്ങി. 9 റൺസെടുത്ത ഡാൻ ക്രിസ്റ്റ്യൻ അവസാന ഓവറിൽ റൺ ഔട്ടായി.
കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ നാലോവറിൽ വെറും 21 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.