താരപുത്രിയുടെ പേര് വെളിപ്പെടുത്തി വിരാടും അനുഷ്‌കയും; അവള്‍ ഇനി ‘വമിക’
ന്യൂഡല്‍ഹി: മകളുടെ പേര് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് താരജോഡികളായ അനുഷ്‌ക ശര്‍മ- വിരാട് കോഹ്‌ലി ദമ്പതികള്‍. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ്, പേരുവിളിച്ചെന്നും അവള്‍ ഇനി ‘വമിക’യാണെന്നും അറിയിച്ചത്.
”സ്‌നേഹവും സാന്നിധ്യവും കൃതജ്ഞതയും ജീവിത വഴിയാക്കി ഞങ്ങള്‍ ഒന്നിച്ചുകഴിഞ്ഞുവരുന്നു. കുഞ്ഞുമോള്‍ ‘വമിക’ എത്തിയതോടെ അതിന് പുതിയ തലം കൈവന്നിരിക്കുന്നു! കണ്ണീര്‍, പുഞ്ചിരി, അസ്വസ്ഥത, അനുഗ്രഹം- പലതാണ് നിമിഷങ്ങള്‍ക്കുള്ളില്‍ മിന്നിമറിയുന്ന വികാരങ്ങള്‍. ഉറക്കം വിട്ടുനില്‍ക്കുകയാണ്. എന്നിട്ടും, ഹൃദയം നിറഞ്ഞുതന്നെ. നിങ്ങള്‍ നല്‍കിയ നല്ല ഊര്‍ജത്തിനും പ്രാര്‍ഥനകള്‍ക്കും അഭിവാദ്യങ്ങള്‍ക്കും നന്ദി”- വിരാടിനും വമികക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് വമിക കുറിച്ചു.
വിടാതെ പിന്തുടരുന്ന പപ്പരാസികള്‍ ദയവായി കുഞ്ഞിന്റെ ചിത്രം പങ്കുവെക്കരുതെന്ന് നേരത്തെ ഇരുവരും ആവശ്യപ്പെട്ടിരുന്നു. ”ഞങ്ങളെ കുറിച്ച് നിങ്ങള്‍ തേടുന്ന ഏതുവാര്‍ത്തയും കൃത്യമായി എത്തുമെന്ന് ഉറപ്പുനല്‍കാം, പക്ഷേ, പൊന്നുമോള്‍ വരുന്ന ഒന്നും നല്‍കരുതെന്ന് വിനീതമായി അപേക്ഷിക്കുകയാണ്. ഞങ്ങളുടെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമെന്ന് കരുതുന്നു. ആ തിരിച്ചറിവിന് നന്ദിയോതുന്നു”- നേരത്തെ ഇരുവരും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഇങ്ങനെ.
ജനുവരി 11നാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. വൈകിയാണെങ്കിലും ഇന്‍സ്റ്റാഗ്രാമിലാണ് കുഞ്ഞിന്റെ ചിത്രവും പേരും പങ്കുവെച്ചത്.