ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനത്തിലൂടെ 193 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങുമെന്നു തോന്നിച്ച ഇന്ത്യയെ, സൂര്യകുമാർ യാദവിന്റെ കടന്നാക്രമണമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ സൂര്യകുമാർ, 26 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു. ഒരിക്കൽക്കൂടി നിലയുറപ്പിച്ചു കളിച്ച വിരാട് കോലിയും അർധസെഞ്ചുറി നേടി. മൂന്നാം വിക്കറ്റിൽ വെറും 42 പന്തിൽനിന്ന് 98 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ – കോലി സഖ്യമാണ് ഇന്ത്യൻ സ്കോർ 190 കടത്തിയത്.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ജയിച്ച ഇന്ത്യയ്ക്ക്, ഹോങ്കോങ്ങിനെ കൂടി തോൽപ്പിച്ചാൽ സൂപ്പർ ഫോറിലെത്താം. രണ്ടാമത്തെ ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ ഇടംപിടിച്ചിരുന്നു.
അവസാന അഞ്ച് ഓവറിൽ 78 റൺസാണ് സൂര്യകുമാർ – കോലി സഖ്യം അടിച്ചുകൂട്ടിയത്. അതിൽ കൂടുതൽ റൺസും സൂര്യകുമാറിന്റെ സംഭാവനയായിരുന്നു. സൂര്യകുമാർ യാദവ് 26 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതമാണ് 68 റൺസെടുത്തത്. അവസാന ഓവറിൽ മാത്രം സൂര്യകുമാർ യാദവ് നാലു സിക്സറുകൾ സഹിതം 26 റണ്‍സാണ് അടിച്ചെടുത്തത്. കോലി 44 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു.
മികച്ച തുടക്കമിട്ട ക്യാപ്റ്റൻ രോഹിത് ശർമ 13 പന്തിൽ 21 റൺസെടുത്ത് പുറത്തായി. രണ്ടു ഫോറും ഒരു സിക്സും സഹിതമാണ് രോഹിത് 21 റണ്‍സെടുത്തത്. സഹ ഓപ്പണർ കെ.എൽ. രാഹുൽ 36 റൺസെടുത്തെങ്കിലും അതിനായി നേരിട്ടത് 39 പന്തുകളാണ്. രണ്ടു സിക്സറുകളാണ് രാഹുലിന്റെ സംഭാവന. ഓപ്പണിങ് വിക്കറ്റിൽ രോഹിത് – രാഹുൽ സഖ്യം 29 പന്തിൽ 38 റണ്‍സും, രണ്ടാം വിക്കറ്റിൽ രാഹുൽ – കോലി സഖ്യം 49 പന്തിൽ 56 റൺസും കൂട്ടിച്ചേർത്തു.
ഹോങ്കോങ്ങിനായി ആയുഷ് ശുക്ല നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മുഹമ്മദ് ഗസൻഫർ രണ്ട് ഓവറിൽ 19 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയ എഹ്സാൻ ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, മൂന്ന് ഓവറിൽ 53 റൺസ് വഴങ്ങിയ ഹാരൂൺ അർഷാദ് നിരാശപ്പെടുത്തി.
∙ പാണ്ഡ്യയ്ക്ക് വിശ്രമം
നേരത്തെ, ടോസ് നേടിയ ഹോങ്കോങ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ കളിച്ച ഇന്ത്യൻ നിരയിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി കളിയിലെ കേമനായ ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു. ഋഷഭ് പന്താണ് പകരം കളിക്കുന്നത്.
ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡജേ, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്‍വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്.
ഹോങ്കോങ് ടീം
നിസാകത് ഖാൻ (ക്യാപ്റ്റൻ), യാസിം മുർത്താസ, ബാബർ ഹയാത്ത്, കിൻചിത് ഷാ, ഐസാസ് ഖാൻ, സ്കോട്ട് മക്കെച്നി (വിക്കറ്റ് കീപ്പർ), സീഷാൻ അലി, ഹാരൂൺ അർഷാദ്, എഹ്സാൻ ഖ ാൻ, ആയുഷ് ശുക്ല, മുഹമ്മദ് ഗസൻഫർ