കൊടുങ്ങല്ലൂര്‍: സത്യേഷ് ബലി ദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടന്ന ജാഥയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 500 ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും എന്നായിരുന്നു മുദ്രാവാക്യം. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ ലൈവില്‍ നിന്നാണ് മുദ്രാവക്യത്തിന്റെ വീഡിയോ പുറത്തായത്.
തുടര്‍ന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനും, ഗതാഗത തടസമുണ്ടാക്കിയതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളി വിവാദമായതോടെ കേസില്‍ ഇതുമായി ബസപ്പെട്ട വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി സംസ്ഥാന വക്താവ് യാതൊരു പ്രശ്‌നവും കാണാതെ അത് ഷെയര്‍ ചെയ്തതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ആര്‍.എസ്.എസിനെയും പൊലീസിനേയും വിമര്‍ശിച്ചതിന് കേസെടുത്ത പൊലീസ് കേരള മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭീകരര്‍ക്കെതിരൈ എന്ത് നടപടിയെടുത്തു എന്ന് മുന്‍ ജഡ്ജ് എസ്. സുദീപ് ചോദിച്ചിരുന്നു.
കേരള മുഖ്യമന്ത്രിയെ കൊല്ലുമെന്നു പരസ്യമായി പ്രഖ്യാപിച്ച സംഘടന ഭീകരസംഘടന തന്നെയാണ്. കൊല്ലുമെന്ന പ്രഖ്യാപനത്തിന്റെ വീഡിയോ പങ്കുവെച്ച നേതാവ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്ന കൊടുംഭീകരനാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ആര്‍.എസ്.എസും പൊലീസും വിമര്‍ശനത്തിന് അതീതമാണോ? ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍, സംഘപരിവാറിന് കേരള ഭരണം കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത ഐ.പി.സി 153 എ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ആര്‍.എസ്.എസിനേയും പോലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയുള്ള മാധ്യമ വാര്‍ത്ത ഷെയര്‍ ചെയ്ത് പൊലിസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിച്ച് ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരിലാണ് കേസ് എന്നായിരുന്നു വിവരം.