തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ട് ബിലിവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് പോയി എന്ന ഷാജ് കിരണിന്റെ വാദം തളളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താൻ അമേരിക്കയിലേക്ക് പോയത് ചികിത്സക്ക് വേണ്ടിയാണ്. മൂന്ന് ദിവസത്തേക്കാണ് അമേരിക്കയിലേക്ക് പോയതെന്നും കോടിയേരി പറഞ്ഞു.
ഷാജ് കിരൺ എന്ന വ്യക്തിയെ തനിക്കറിയില്ല ആദ്യമായാണ് ആ പേര് കേൾക്കുന്നത് എന്നും കോടിയേരി വ്യക്തമാക്കി. അമേരിക്കയിലേക്ക് പോയപ്പോൾ പാർട്ടിയാണ് ചിലവ് വഹിച്ചത്. മറ്റാരും ചികിത്സ ചിലവ് വഹിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്ക് പിന്നിൽ ബിജെപി മാത്രമല്ല പലരുമുണ്ട്. ഞാൻ സ്വപ്നയെ കണ്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സ്വപ്നയുടെ പുതിയ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയേയും കുടുംബത്തേയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം പ്രചാരവേലകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല കേരളത്തിൽ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
164 നൽകിയിട്ട് അത് മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന നൽകിയ മൊഴിയും ഇപ്പോൾ പറഞ്ഞ കാര്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ട്. ആദ്യം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വർഷം മുൻപ് അവര്‍ മൊഴി നൽകി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമയി വരുന്നു. ബിരിയാണി ചെമ്പിൽ സ്വര്‍ണ്ണം കടത്തിയെന്നാണ് പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആരോപണങ്ങൾ ആദ്യമായി കേൾക്കുന്നയാളല്ല പിണറായി വിജയൻ. കമലാ ഇന്റര്‍നാഷണൽ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. കഥ ഉണ്ടാക്കുന്നവർക്ക് ഏത് കഥയും ഉണ്ടാക്കും. ഇത്തരം സംഭവങ്ങൾക്ക് അൽപ്പായുസ്സ് മാത്രമാണുളളത്. ഒരു നേതാവ് ഉയർന്നു വരുന്നത് ഒരു ദിവസം കൊണ്ടല്ല.കള്ളക്കഥകൾക്ക് മുമ്പിൽ സിപിഐ എം കീഴടങ്ങില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.