തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നു. മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ട് മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് ചികിത്സാര്‍ഥം അദ്ദേഹം അവധിയില്‍ പോയത്.
പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല സിപിഎം നല്‍കുകയായിരുന്നു. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ തെറ്റുകാരനെങ്കില്‍ മകന്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീട് അദ്ദേഹം പൊതുമണ്ഡലത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടക്കുന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്താണ് കോടിയേരി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.