കൊടിയേരി ബാലകൃഷ്ണനെ മൂന്നാം വട്ടവും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു
കൊച്ചി• കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയാകും. മാറുന്ന പാർട്ടിമുഖത്തിന് ജനപ്രിയതയുടെ അടിത്തറ ഉറപ്പാക്കുകയെന്ന ദൗത്യവുമായാണ് മൂന്നാമൂഴത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ എത്തുന്നത്. തുടർഭരണത്തിൽനിന്ന് തുടർച്ചയായ ഭരണത്തിലേക്കു പാർട്ടിയെ വഴി നടത്തിക്കുകയെന്ന ഭാരിച്ച ദൗത്യം കോടിയേരിയുടെ കൈകളിൽ ഭദ്രമാണെന്ന് സിപിഎം കരുതുന്നു.വി.എൻ. വാസവൻ, മുഹമ്മദ് റിയാസ്,
സജി ചെറിയാൻ, എം.സ്വരാജ് എന്നിവർ
സംസ്ഥാന സെക്രട്ടറിയേറ്റിൽ.
ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം, വി.പി.സാനു, എ.എ.റഹിം, പനോളി വത്സൻ, എ.വി. റസ്സൽ,
കെ. അനിൽകുമാർ , രാജു എബ്രഹാം, കെ.എസ്.സലീല, പി.ശശി, വി.ജോയി,
ഒ.ആർ. കേളു, ഡോ കെ.എൻ ഗണേഷ് എന്നിവർ സംസ്ഥാന സമിതിയിലെ പുതുമുഖങ്ങൾ.
2016ൽ എൽഡിഎഫ് അധികാരത്തിലേറിയത് മുതൽ ഭരണവും പാർട്ടിയും ഒരേവഴിക്കു സഞ്ചരിക്കാൻ രാസത്വരകമായി നിന്ന പാർട്ടി സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണൻ. 2006ൽ പാർട്ടിയും ഭരണവും രണ്ടു വഴിക്കു നീങ്ങി വിവാദങ്ങൾ പാർട്ടിയെ പിടിച്ചുലച്ചെങ്കിൽ, കോടിയേരി കടിഞ്ഞാണേറ്റെടുത്ത ആറ് ആണ്ടുകൾ സിപിഎമ്മിൽ വിഭാഗീയത ഇല്ലാത്ത കാലമായി. വ്യക്തിപരമായ വിവാദങ്ങൾ ഇടക്കാലത്ത് ഉലച്ചപ്പോഴും സമചിത്തതയോടെ അഭിമുഖീകരിച്ച കോടിയേരി പാർട്ടിയെ ആ വിവാദങ്ങൾ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോയി.
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും സിപിഎമ്മിനെ പുതിയകാലത്ത് നയിക്കാൻ കോടിയേരിയല്ലാതെ മറ്റൊരാളെ പാർട്ടി കാണുന്നില്ല. വർത്തമാനകാല സിപിഎമ്മിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊന്നാണ് കോടിയേരി. പാർട്ടി സമ്മേളനവേദിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട വികസനയരേഖ പല ചർച്ചകൾക്കു വഴിതുറന്നിരിക്കേ, പുതിയ നയങ്ങൾ പാർട്ടിപരിപാടിയോട് ചേർന്നുള്ള നയപരിപാടിയായി ഏറ്റെടുത്തു നടപ്പിലാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും കോടിയേരിയുടെ ചുമലിലാണ്.
കണ്ണൂരിലെ കല്ലറ തലായി എൽപി സ്‌കൂൾ റിട്ട. അധ്യാപകൻ പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബർ 13നാണ് ജനനം. നാലു പെങ്ങന്മാരുടെ പ്രിയപ്പെട്ട അനുജനായാണ് ഏറ്റവും ഇളയവനായ ബാലകൃഷ്‌ണൻ വളർന്നത്. ആറു വയസ്സുള്ളപ്പോൾ അച്‌ഛൻ മരിച്ചു. ഓണിയൻ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പടിക്കുമ്പോൾ കെഎസ്‌എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കോടിയേരി രാഷ്‌ട്രീയത്തിൽ എത്തുന്നത്.
ആർഎസ്‌എസ്‌മായുള്ള സംഘർഷവും മറ്റും കാരണം പത്താം ക്ലാസിനുശേഷം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്‌ക്കാതെ ചെന്നൈയിലേക്കയയ്ച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടു മാസം ജോലി ചെയ്‌തു. തിരിച്ചെത്തിയപ്പോഴേക്കും തലശേരി ബ്രണ്ണൻ കോളജിൽ പ്രവേശനം കഴിഞ്ഞിരുന്നു. അങ്ങനെ മാഹി എംജി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു ഡിഗ്രിയും നേടി.
മാഹി എംജി കോളജിൽ കെഎസ്‌എഫ് രൂപീകരിച്ചുകൊണ്ട് വിദ്യാർഥി രാഷ്‌ട്രീയം തുടർന്നു. പിന്നീട് മാഹി കോളജിൽ കെഎസ്‌എഫ് യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ ചെയർമാനുമായി. വിദ്യാർഥി ക്യാംപിൽ ഓണിയൻ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്‌ണനും മുളിയിൽനടയിൽ ബാലകൃഷ്‌ണനും പങ്കെടുത്തിരുന്നു. റജിസ്‌ട്രേഷൻ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്‌ണൻ നിർദേശിച്ച പേരാണ് മൊട്ടേമ്മൽ ബാലകൃഷ്‌ണനു കോടിയേരി എന്നത്. ആ പേരാണ് ഇന്നു രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന പേരായി വളർന്നത്. പിന്നീട് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. അടിയന്തിരാവസ്‌ഥ കാലത്ത് മിസാ പ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടു. 16 മാസം കഴിഞ്ഞ് അടിയന്തരാവസ്‌ഥ പിൻവലിച്ചതിനു ശേഷമാണ് ജയിൽ മോചിതനായത്.
അടിയന്തരാവസ്‌ഥക്കാലത്തെ കാരാഗൃഹവാസം പിണറായിയെയും കോടിയേരിയെയും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാക്കി. അന്ന് 27 പേരെ ഒരേദിവസം ‘മിസ’ പ്രകാരം അറസ്‌റ്റ് ചെയ്‌തപ്പോൾ അതിൽ കണ്ണൂരിലെ ഈ രണ്ടു യുവനേതാക്കളുമുണ്ടായിരുന്നു. മർദനത്തിനിരയായി നടക്കാൻപോലും കഴിയാത്ത സ്‌ഥിതിയിലായിരുന്നു അന്നു പിണറായി വിജയൻ. തടവുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ ബാലകൃഷ്‌ണനെയാണു പിണറായിയെ ശുശ്രൂഷിക്കാൻ നിയോഗിച്ചത്. ആ സൗഹൃദം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എസ്‌എഫ്‌ഐ പ്രവർത്തനത്തോടൊപ്പം ട്രേഡ് യൂണിയൻ രംഗത്തും ചുവടുറപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ 18 വയസിനു മുൻപേ കണ്ണൂർ ജില്ലയിലെ ഈങ്ങയിൽ പീടിക പാർട്ടി ബ്രാഞ്ച് അംഗായി.
18 വയസിലാണ് പാർട്ടി അംഗത്വം നൽകാറുള്ളത്. എന്നാൽ, സജീവപ്രവർത്തകർക്ക് അതിനു മുമ്പേ തന്നെ റെക്കോർഡിൽ 18 വയസ് എന്നെഴുതി പാർട്ടി അംഗത്വം നൽകുന്ന രീതിയുണ്ട്. 18–ാം വയസിൽ പാർട്ടി ലോക്കൽ സെക്രട്ടറിയായി. 36-ാം വയസ്സിൽ കോടിയേരി പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ കണ്ണൂർ ജില്ലാ കമ്മിറ്റിയെ നയിക്കാൻ നിയോഗിക്കപ്പെട്ടു. ഇത്രയും കുറഞ്ഞ പ്രായത്തിൽ മറ്റൊരു ജില്ലാ സെക്രട്ടറി മുൻപോ പിൻപോ ഉണ്ടായിട്ടില്ല.
54-ാം വയസ്സിൽ പൊളിറ്റ് ബ്യൂറോയിലെത്തിയതും മറ്റൊരു റെക്കോർഡ്. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി കാൽനൂറ്റാണ്ടോളമായി നിയമസഭയിൽ തലശേരിയെ പ്രതിനിധീകരിച്ചു. 2006, 2011 വർഷങ്ങളിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2015ൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ൽ വീണ്ടും സെക്രട്ടറിയായെങ്കിലും 2020 നവംബറിൽ ആരോഗ്യകാരണങ്ങളാൽ താൽക്കാലികമായി ഒഴിവായി. പിന്നീട് തിരിച്ചെത്തി സ്ഥാനം ഏറ്റെടുത്തു. ഭാര്യ: തലശേരി മുൻ എംഎൽഎ പരേതനായ എം.വി. രാജഗോപാലന്റെ മകൾ എസ്.ആർ.വിനോദിനി മക്കൾ: ബിനോയ്, ബിനീഷ്.