തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരക്കളിയിൽ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തി പൂജയല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. സമ്മേളനത്തിന് അകത്ത് നടന്ന കാര്യമല്ല ഇത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ പാടിയതെന്നും കോടിയേരി പറഞ്ഞു.
അതേസമയം, മുമ്പ് പി. ജയരാജനെ പുകഴ്ത്തി പാട്ടുവന്നപ്പോൾ വ്യക്തിപൂജ ആരോപിച്ച് നടപടിയെടുത്തിരുന്നല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജയരാജന്റെ കാര്യവും ഈ വിഷയവും ഒന്നായി വ്യാഖ്യാനിക്കരുതെന്ന് കോടിയേരി പറഞ്ഞു. അതും ഇതും വ്യത്യസ്തമാണ്. പി.ജെ. ആർമി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് അത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്നങ്ങളാണ് അന്ന് പാർട്ടി ചൂണ്ടിക്കാട്ടിയത്.
മെഗാ തിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാർട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നത് തന്നെ പാർട്ടിയുടെ ഒരു തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി വ്യക്തമാക്കി.
കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സിപിഎം (CPM) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളംപേരെ പങ്കെടുപ്പിച്ച് നടത്തിയ‘മെഗാ തിരുവാതിര’(Mega Thiruvathira) വിവാദമായിരുന്നു. രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ പാറശ്ശാല പൊലീസ് കേസെടുക്കുയും ചെയ്തു. കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെതിരെ അഞ്ഞൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു മെഗാ തിരുവാതിര ഗാനത്തിലെ വരികൾ. അത് ഇങ്ങനെ—-
”ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ.
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ്”
ഇ.എം.എസ്., എ.കെ.ജി., ഇ.കെ. നായനാർ, വി.എസ്. അച്യുതാനനന്ദൻ തുടങ്ങിയ നേതാക്കളുടെ പേരുകളും പാട്ടിൽ പരാമർശിക്കുന്നുണ്ട്. പാർട്ടിയുടെ വളർച്ചയും ഭരണത്തിന്റെ നേട്ടങ്ങളും കോർത്തിണക്കിയ വരികളാൽ സമ്പന്നമായ തിരുവാതിരകളി ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് ചെറുവാരക്കോണം എൽപിഎസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ‘ഇന്നീപാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്ന വരികൾ ഉൾപ്പെട്ട തിരുവാതിരകളി ഗാനം രചിച്ചത് പൂവരണി കെവിപി നമ്പൂതിരി ആണ്.