25.5 C
Kottayam
Saturday, May 18, 2024

സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണെന്ന് കോടിയേരി; കൊലപാതകത്തിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബി.ജെ.പിയിലേക്ക് ചേക്കേറിയ വ്യക്തി

Must read

തിരുവനന്തപുരം: തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ആര്‍എസ്എസ് കാപാലികരുടെ ആക്രമത്തില്‍ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍എസ്എസ്/ബിജെപി-കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബിജെപിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബിജെപിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകള്‍ നടത്തുന്നു. നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍എസ്എസ്/ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവയ്ക്കാന്‍ തയ്യാറാവണം. സിപിഐഎം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കണമെന്നും കോടിയേരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week