കൊടകര കുഴൽ പണ കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും, പ്രതി ധർമ്മരാജനുമായി നിരവധി തവണ ഫോൺ സംഭാഷണം നടത്തി, കോന്നിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയതായും മൊഴി
തൃശ്ശൂർ:കൊടകര കുഴൽ പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും കോന്നിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രൻ്റെ മകൻ്റെയും മൊഴിയെടുക്കും.
ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.
ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നലെ വിട്ടയച്ചു.