ബാത്ത്റൂമിൽ പോകുമ്പോഴും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം; വെള്ളം കുടിച്ചാൽ പോലും കടിച്ചുപിടിക്കണം; കപ്പിൾസ് നിർത്താതെ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; ചുംബനത്തിൽ റെക്കോർഡ് നേടിയ ദമ്പതികൾ വേർപിരിഞ്ഞു

ബാങ്കോക്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തുറക്കുമ്പോൾ വ്യത്യസ്തമായ പല സംഭവങ്ങളാണ് നമ്മൾ കാണുന്നത്. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്‌ലൻഡിൽ ആണ് സംഭവം നടക്കുന്നത്. ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദമ്പതികൾ ഒടുവിൽ വേർപിരിഞ്ഞതാണ് വാർത്ത. തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോർഡ് നേടിയത്. പക്ഷെ, ബിബിസി സൗണ്ട്‌സ് പോഡ്‌കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററിയിൽ സംസാരിക്കവെ എക്കച്ചായിയാണ് തങ്ങൾ പിരിഞ്ഞതായി സ്ഥിരീകരിച്ചിരിക്കുന്നത്.
പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ് കൂട്ടിച്ചേർത്തു. മത്സരത്തിന്റെ നിയമങ്ങൾ വളരെ കർശനമായിരുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് പൂർത്തീകരിച്ചത് എന്നും എക്കച്ചായ് പറയുന്നു. ബാത്ത്റൂമിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ ചേർത്തിട്ട് തന്നെ ആയിരിക്കണം എന്നും എക്കച്ചായ് പറയുന്നു.
‘ആ റെക്കോർഡ് നേടിയതിൽ തനിക്ക് വളരെ അധികം അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഞങ്ങൾ വളരെക്കാലം ഒരുമിച്ച് കഴിഞ്ഞു. ഒരുമിച്ച് ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓർമ്മകൾ എക്കാലവും സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നും എക്കച്ചായ് പറഞ്ഞു.
അതേസമയം, 2013 -ൽ ആദ്യമായിട്ടായിരുന്നില്ല ഇവർ ഇങ്ങനെ ഒരു റെക്കോർഡ് സ്ഥാപിക്കുന്നത്. 2011 -ൽ 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് ഇരുവരും മത്സരത്തിൽ വിജയിച്ചിരുന്നു. വാലന്റൈൻസ് ഡേയ്ക്ക് തൊട്ടുമുമ്പാണ് ഈ മത്സരം നടന്നത്. ഇരുവർക്കും മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് ലക്ഷണ ഒരു അസുഖത്തിൽ നിന്നും മോചിതയായതെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവളെ എവിടെയെങ്കിലും വെക്കേഷന് കൊണ്ടുപോകണം എന്ന് എക്കച്ചായ് ആഗ്രഹിച്ചിരുന്നു. എന്തായാലും ഇവരുടെ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുന്നത്.
ഈ മത്സരത്തിന്റെ വിജയിക്ക് സമ്മാനം ഏകദേശം 13 ലക്ഷം രൂപയും ഒരു ഡയമണ്ട് മോതിരവും ആയിരുന്നു. അങ്ങനെയാണ് മത്സരത്തിൽ പങ്കെടുത്ത് നോക്കാൻ അവർ തീരുമാനിക്കുന്നത്. എന്തായാലും, മത്സരങ്ങൾ ഇവർക്ക് റെക്കോർഡ് നേടിക്കൊടുത്തു.