ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സഭ പ്രവര്‍ത്തിക്കുന്നതെന്ന കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെയാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ഖാര്‍ഗെയുടെ വാക്കുകള്‍ സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്തത്.
‘ചെയര്‍ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ പല തവണ സൂചിപ്പിച്ചു. ഈ വാക്കുകള്‍ നീക്കം ചെയ്തിരിക്കുന്നു. ചെയര്‍ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓരോ തവണ പറയുമ്പോഴും സഭയില്‍ നിലയുറപ്പിക്കാനുള്ള നിങ്ങളുടെ അവകാശം നിങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്’, ധന്‍കര്‍ പറഞ്ഞു.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. പിന്നീട് പ്രതിപക്ഷ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിങ്, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, ശക്തി സിങ് ഗോഹില്‍, സന്ദീപ് പതക്, കുമാര്‍ കേത്കര്‍ എന്നിവര്‍ക്ക് ധന്‍കർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടർന്ന് രാജ്യസഭ മാർച്ച് 13-ന് വീണ്ടും ചേരുന്നതിനായി പിരിഞ്ഞു.
തിങ്കളാഴ്ച സഭ ആരംഭിക്കുന്നതിന് മുന്നോടിയായി ഖാര്‍ഗെയുടെ ചേംബറില്‍ 14 പ്രതിപക്ഷ പാർട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സുപ്രീം കോടതിയുടെയോ ചീഫ് ജസ്റ്റിസിന്റെയോ മേല്‍നോട്ടത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷമാണ് ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.