32.8 C
Kottayam
Friday, May 3, 2024

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം,പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പുരസ്കാരം നാലാം വട്ടം

Must read

കൊച്ചി:ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണത്തിനുള്ള പദവി കേരളത്തിന് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്.

സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകൾ വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ

കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായി.

ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചത്. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകുന്നതാണ് ഈ നേട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week