NationalNews

പുതിയ കാര്‍ഷിക നിയമം നിര്‍മ്മിക്കും; കേന്ദ്രത്തിനെതിരെ പിണറായി സർക്കാർ

തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസമരം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കെ പുതിയ കാര്‍ഷിക നിയമം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി കേരളം. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പകരമായി നിയമം നിര്‍മ്മിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാപിക്കുക. തറവില ഉയര്‍ത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കര്‍ഷക പ്രതിഷേധം വിജയം കാണുമെന്നതാണ് പുതുവര്‍ഷം സംബന്ധിച്ച ഏറ്റവും വലിയ പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച നടക്കും. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാതിരുന്നിരുന്നത് വിവാദമായിരുന്നു. കാര്‍ഷിക നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യം വിശദീകരിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. പിന്നീട് നിരവധി തവണ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച ചേരുന്ന സഭ കേന്ദ്ര കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും.

അതേസമയം നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കുന്നതൊഴികെയുള്ള ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ വ്യക്തമാക്കണമെന്നാണ് കര്‍ഷകര്‍ നിലപാടെടുത്തത്.

താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നാണ് കേന്ദ്രം പറഞ്ഞത്. അതേസമയം താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തു. 41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ എട്ടിന് മുടങ്ങിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്. കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശുമാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker