EntertainmentKeralaNews

അലന്‍സിയറുടെ പ്രസ്താവന അപലപനീയം; സാംസ്‌കാരിക കേരളത്തിന് അവഹേളനം: വനിതാ കമ്മിഷൻ

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയർ ലോപ്പസിനെതിരെ വനിതാ കമ്മിഷന്‍. അലന്‍സിയറുടെ പ്രസ്താവന അപലപനീയമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും സതീദേവി പറഞ്ഞു.

പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു സ്പെഷൽ ജൂറി പുരസ്കാരം നേടിയ അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നും പറഞ്ഞു. സ്പെഷൽ ജൂറി അവാർഡിനെയും അദ്ദേഹം വിമർശിച്ചു.

‘മികച്ച നടനുള്ള അവാർഡൊക്കെ എല്ലാവർക്കും കിട്ടും. ഇതു സ്പെഷൽ ജൂറി അവാർഡാണെങ്കിൽ സ്വർണം പൂശിയ പ്രതിമ നൽകണം. എന്നെയും കുഞ്ചാക്കോ ബോബനെയും 25,000 രൂപ നൽകി അപമാനിക്കരുത്. ജൂറി ചെയർമാൻ ഗൗതം ഘോഷിനോടാണ് പറയാനുളളത്’. മുഖ്യമന്ത്രി പോയിക്കഴിഞ്ഞതിനാൽ സാംസ്കാരിക മന്ത്രിയോട് പറയാമെന്ന് പറ‍ഞ്ഞായിരുന്നു വിവാദ പരാമർശങ്ങൾ.

2018ൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം വാങ്ങി മടങ്ങവേ മുഖ്യാതിഥിയായിരുന്ന നടൻ മോഹൻലാലിനെ നോക്കി വെടിവയ്ക്കുന്ന രീതിയിലുള്ള ആംഗ്യം കാട്ടിയതും വിവാദമായിരുന്നു.

അലൻസിയർ പറഞ്ഞ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയിൽ നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നെന്നും മന്ത്രി പറഞ്ഞു. 

‘‘അത്തരമൊരു പ്രതികരണം നിർഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയിൽവച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാൻ സാധിക്കൂ’’– മന്ത്രി ബിന്ദു പറഞ്ഞു. 

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലൻസിയർ മുന്നറിയിപ്പു നൽകി.

വേദിയിൽനിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലൻസിയർ മറുപടി നൽകി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ലെന്നും അലൻസിയർ വ്യക്തമാക്കി.

പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

അലൻസിയറിന്റെ വാക്കുകളിലൂടെ:

സിനിമാ മേഖലയിൽ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. നമ്മൾ ജൂനിയർ ആർട്ടിസ്റ്റുകൾ എന്നു വിളിക്കുന്നവരൊക്കെ അനുഭവിക്കുന്ന വേദനകൾ വലുതാണ്. പൊലീസ് വേഷത്തിലൊക്കെ വന്നു നിൽക്കുന്ന പുരുഷൻമാർ മൂത്രമൊഴിക്കാൻ പോലും പറ്റാതെ, കാരവനുള്ളിൽ കയറാൻ പറ്റാതെ നടക്കുന്ന നടപ്പ് ഞാൻ കണ്ടിട്ടുണ്ട്.

പെൺപ്രതിഭ നൽകി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. അല്ലാതെ പെട്ടെന്നൊരു തോന്നലിൽ പറഞ്ഞതല്ല. എന്തുകൊണ്ടാണ് നിങ്ങൾ പെൺപ്രതിമ തന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾക്ക് സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പറ്റാത്തത്? ആ പ്രസ്താവനയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ ആരെയും ആക്ഷേപിച്ചിട്ടില്ല. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കാനുമില്ല.

സിനിമാ മേഖലയിലുള്ളവർ പലതും പറയും. അതൊന്നും ഞാൻ കേൾക്കേണ്ട കാര്യമില്ല. എനിക്ക് എന്റെ അച്ഛനുമുണ്ട്, അമ്മയുമുണ്ട്. എന്റെ മക്കളും ഭാര്യയുമുണ്ട്. അതുമതി. ഇതിന്റെ അപ്പുറം ഞാൻ കണ്ടിട്ടും കേട്ടിട്ടുമുണ്ട്.

നിങ്ങൾ എത്ര തവണ സ്വയംഭോഗം ചെയ്തിട്ടുണ്ട്. എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാൻ വരേണ്ട. മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുത്.

ഇതു പറയാൻ ആ വേദി തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്. ആൺകരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് എനിക്ക് ഒരു ആൺപ്രതിമ വേണമെന്നു ഞാൻ പറഞ്ഞത്. അല്ലാതെ പെൺകരുത്തുള്ളിടത്തല്ല. ഗൗരിയമ്മയെ ഈ കമ്യൂണിസ്റ്റ് പാർട്ടി എത്രയോ കാലം ഉയർത്തിക്കൊണ്ടു നടന്നു. എന്നിട്ട് അവരെ മുഖ്യമന്ത്രിയാക്കിയോ?

ഞാൻ എന്തു മാതൃകാകേടു കാണിച്ചെന്നാണു നിങ്ങൾ പറയുന്നത്? താങ്കളുടെ മാധ്യമത്തിനകത്ത് താങ്കൾത്തന്നെ പറ, ഞാൻ എന്തു കുറ്റവാളിയാണെന്ന്. നിങ്ങളുടെ മാധ്യമത്തിൽ എത്ര കുറ്റവാളികളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? എനിക്ക് ഒരു ആൺപ്രതിമ വേണമെന്നു പറഞ്ഞതാണോ ഇപ്പോൾ വലിയ കുറ്റം? കുഞ്ചാക്കോ ബോബൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ കുറ്റമായിരിക്കും. എന്റെ കുറ്റമല്ല. എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു. അതിൽ എന്താണ് തെറ്റ്?

എന്തുകൊണ്ട് ഈ പറയുന്ന സ്ത്രീപക്ഷ വാദികൾ, സ്ത്രീശരീരത്തെ വർണിച്ചുകൊണ്ടുള്ള നമ്പൂതിരിയുടെ ശിൽപം മാത്രം എല്ലാ വർഷവും വിറ്റുകൊണ്ടിരിക്കുന്നു? എന്തുകൊണ്ട് കാനായി കുഞ്ഞിരാമന്റെ ഒരു പുരുഷ ശരീരം തരുന്നില്ല? എന്റെ ശരീരം തരുന്നില്ല എന്നതാണ് എന്റെ ചോദ്യം. നിങ്ങൾ എന്തിനാണ് ഹിജഡകളെ വിറ്റുകൊണ്ടിരിക്കുന്നത്? ബാബ്റി മസ്ജിദ് തകർന്നപ്പോൾ ഇവിടെ പ്രതികരിക്കാൻ ഒരു ഖാനെയും കണ്ടില്ല. എത്രയോ ഖാൻമാരുണ്ട്. അവരെല്ലാം ഹിജഡകളാണ്. ഞാൻ വെല്ലുവിളിക്കുകയാണ്.

എനിക്കു തന്ന കാരവാൻ ഈ വീടാണ്. എന്റെ അമ്മയെ സാക്ഷിനിർത്തിയാണ് ഇക്കാര്യം പറയുന്നത്. എന്റെ വീടാണിത്. എന്റെ അമ്മ തന്ന വീടാണ്. ഞാൻ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. ഞാൻ ആക്ഷേപിച്ചുകൊണ്ടല്ല പറഞ്ഞത്. സ്ത്രീകൾ പുരുഷൻമാരെയും ബഹുമാനിക്കാൻ പഠിക്കണം. അങ്ങനെയൊരു അവഹേളനം നിലവിലുണ്ട്. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. സംവരണം മുഴുവൻ സ്ത്രീകൾക്കാണ്. എന്ത് അധാർമികത കാണിച്ചാലും പുരുഷനാണ് പഴി. ഇല വന്നു മുള്ളിൽ വീണാലും, മുള്ളുവന്ന് ഇലയിൽ വീണാലും എന്നൊരു പഴയ ചൊല്ലുണ്ട്. അത് ഇപ്പോൾ തിരിച്ചാണ് സംഭവിക്കുന്നത്. പുരുഷന്റെ വാക്കുകൾ കേൾക്കാൻ ഇവിടെ ആരുമില്ല. അതുകൊണ്ടാണല്ലോ നിങ്ങൾ മൈക്കുമായി ഇപ്പോൾ ഇവിടെ വന്നു നിൽക്കുന്നത്.

എനിക്കെന്തു നീതിയാണ്, എന്റെ അച്ഛനെന്തു നീതിയാണ്? എന്റെ അച്ഛന് ഇവിടെ പുരയിടം വരെ ഇല്ലായിരുന്നു. എന്റെ അമ്മയ്ക്കാണ് അവകാശം. അച്ഛനോടു ഞാൻ എനിക്ക് ഭൂമി എഴുതിത്തരണം എന്നു പറ‍ഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, കയ്യിൽ പണമില്ലെന്നാണ്. എന്റെ അമ്മയ്ക്കാണ് അവകാശം. ഭക്ഷണം കഴിച്ച പാത്രം കഴുകിവയ്ക്കാൻ അമ്മ അച്ഛനെ പഠിപ്പിച്ചു. ആ അമ്മയുടെ മകനാണ് ഞാൻ. അല്ലാതെ ഞാൻ ഒരു സ്ത്രീവിരുദ്ധതയും പറഞ്ഞിട്ടില്ല.

ചലച്ചിത്ര അവാർഡ് എനിക്കു തന്നതല്ലേ? ഞാൻ പോയി ഇരന്നു വാങ്ങിയതല്ലല്ലോ? ഗൗതം ഘോഷ് എന്ന ബംഗാളി സംവിധായകൻ എന്റെ അഭിനയം കണ്ടിട്ട് തന്നതാണ്. ആ വേദിയിൽ ഇതു പറയാൻ എനിക്ക് അവകാശമുണ്ട്. ഞാൻ സംസാരിച്ചോട്ടെ എന്നു ചോദിച്ചിട്ടല്ല അവിടെ കയറിയത്. എന്നെ വിളിച്ച് സംസാരിക്കാൻ പറ‍ഞ്ഞു, ഞാൻ കയറി സംസാരിച്ചു. എന്റെ നിലപാട് പറഞ്ഞു.

ഞങ്ങൾക്ക് തരുന്നത് 25,000 രൂപയാണെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് എന്തിനാണ് ഇങ്ങനെ ആവർത്തിച്ച് അനൗൺസ് ചെയ്യുന്നത്? അത് കുറഞ്ഞ ഏർപ്പാടല്ലേ? ഞങ്ങൾക്ക് സ്പെഷൽ ജൂറി വിഭാഗത്തിൽ ഒരു സ്വർണ ശിൽപം തരണം എന്നു പറഞ്ഞത് തെറ്റാണോ? എന്തായാലും ഇവിടെ രണ്ടു പ്രതിമ ഇരിപ്പുണ്ട്. മരിക്കുമ്പോൾ എനിക്ക് ആറു വെടി കിട്ടും. സംസ്ഥാനത്തിന്റെ ആദരവാണത്. എനിക്ക് ഒരു പുരുഷ ആദരവ് കിട്ടണമെന്നാണ് ഞാൻ പറഞ്ഞത്. എന്റെ വാക്കുകൾ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമൊന്നുമല്ല. എല്ലാവർക്കും തിരക്കുണ്ട്. മമ്മുക്കയ്ക്കും തിരക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി മരിച്ചു, ഷൂട്ടിങ് തിരക്കുണ്ട്.

കോൺഗ്രസുകാർ ഇവിടെ ഭരിക്കാൻ കഴിയാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ദിരാ ഗാന്ധിയുടെ ഒരു തെറ്റ്. അവർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതലാണ് ഇവിടെ ജനസംഘം വളർന്നത്. അതാണ് ഇപ്പോൾ മോദി ഭരിച്ചുകൊണ്ടിരിക്കുന്നത്. അത് ഇനിയെങ്കിലും തിരിച്ചറിയണം. അമ്മയ്ക്ക് ബുദ്ധിയുണ്ടാകണം. അമ്മ എന്ന സംഘടനയിലുള്ളവർക്ക് മാത്രമല്ല, ഈ ഡബ്ല്യുസിസിയിലുള്ളവർക്കും ബുദ്ധിയുണ്ടാവണം.

ഞാൻ പാതിരിയാകാൻ പോയയാളാണ്. ഞാൻ കുമ്പസാര രഹസ്യം കേട്ടിരുന്നെങ്കിൽ ഇതിലും ചാരിതാർഥ്യം കിട്ടിയേനെ. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂ. എന്നെ ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിച്ചാൽ ഞാൻ കുടുങ്ങില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker