‘എന്നെ ചതിക്കുകയായിരിന്നു, അവള്‍ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരിന്നു’ ദുബൈയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ വിചാരണ ആരംഭിച്ചു
ദുബായ്: ദുബൈയില്‍ അവിഹിതബന്ധം ആരോപിച്ച് മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ ദുബായ് കോടതി വിചാരണ ആരംഭിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രനെ(40)യാണ് ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കൊലപ്പെടുത്തിയത്. താന്‍ ഭാര്യയെ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നായിരുന്നു മൊഴി. ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പറഞ്ഞു.
2019 സെപ്തംബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണമാഘോഷിക്കാന്‍ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും തമ്മില്‍ തര്‍ക്കമായി. മാനേജരുടെ മുന്‍പില്‍ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പോലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
16 വര്‍ഷം മുന്‍പായരുന്നു ഇവരുടെ വിവാഹം. അതില്‍ പിന്നെ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വരച്ചേര്‍ച്ചയില്ലാതിരുന്ന ഇരുവരെയും കൗണ്‍സിലിങ്ങിനും വിധേയരാക്കി. കൊലയ്ക്ക് ഒരു വര്‍ഷം മുന്‍പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്.