കോഴിക്കോട്: മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരളാ പോലീസ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ഗൂഗിള്‍ വഴി സെര്‍ച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകള്‍, ഇമെയില്‍ സോഷ്യല്‍ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ അടിക്കടി അപ്‌ഡേറ്റ് ചെയ്യണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുക.
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും സര്‍വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.