തിരുവനന്തപുരം: കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാന്‍ ഡാന്‍സ് കളിച്ച് ബോധവത്കരണവുമായി കേരളാ പോലീസ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനു ചുവടുവച്ചാണു പോലീസി ബോധവത്കരണ ശ്രമം. വൈറസ് ബാധയെ തടയാന്‍ കൈകള്‍ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയമാണ് പോലീസ് ഡാന്‍സിലൂടെ അവതരിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തില്‍ എത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ തരംഗമായി. കേരള സര്‍ക്കാരിന്റെ ബ്രേക് ദ ചെയിന്‍ കാമ്പയ്‌നിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്. പോലീസ് സേനയിലെ രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി. രാജ്, അനൂപ് കൃഷ്ണ വി.വി, ജഗത്ചന്ദ് ബി., രാജീവ് സി.പി., ഹരിപ്രസാദ് എം.വി എന്നിവരാണ് ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാറാണ് ഏകോപനം. ഹേമന്ത് ആര്‍ നായരാണ് കാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.
കോവിഡ് 19 പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രതയുടെ ഭാഗമായാണ് ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ ആരംഭിച്ചത്. ഒരാളില്‍ നിന്നു മറ്റുപലരിലേക്ക് എന്ന ക്രമത്തില്‍ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം.
സിനിമാ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജയറാം, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പെയ്‌നിന്റെ ഭാഗമായി.
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിന് വേണ്ടി കേരളപോലീസ് തയ്യാറാക്കിയ വീഡിയോ
Posted by Pinarayi Vijayan on Wednesday, March 18, 2020