FootballKeralaNewsSports

കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ കേരളം പുതുച്ചേരിയെ തോൽപിച്ചു. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം.

21-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗിൽബർട്ട് കേരളത്തിന് ലീഡ് നൽകി. ഗിൽബേർട്ടിന്റെ ഈ സന്തോഷ് ട്രോഫിയിലെ നാലാമത്തെ ഗോളാണിത്. മൂന്നു മിനിറ്റിനുള്ളിൽ അർജുൻ ജയരാജിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. 39-ാം മിനിറ്റിൽ അൻസൺ സി ആന്റോയിലൂടെ പുതുച്ചേരി ഒരു ഗോൾ തിരിച്ചടിച്ചു.

രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണമാണ് കണ്ടത്. 55-ാം മിനിറ്റിൽ നൗഫൽ മൂന്നാം ഗോൾ നേടി. രണ്ട് മിനിറ്റിനുള്ളിൽ ബുജൈറും ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ ഗോൾപട്ടിക പൂർത്തിയായി.

ആദ്യ രണ്ടു മത്സരങ്ങളിൽ ദുർബലരായ അന്തമാൻ നിക്കോബറിനേയും ലക്ഷദ്വീപിനേയും കേരളം തകർത്തിരുന്നു. അന്തമാനെ എതിരില്ലാതെ ഒമ്പതു ഗോളിനും ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനുമാണ് പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളിൽ നിന്നായി 18 ഗോളുകളാണ് കേരളം നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button